കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സഹോദരീഭർത്താവ് റോബർട്ട് വദ്രയുടെ ഓഫീസിലും ജോലിക്കാരന്റെയും ബന്ധുക്കളുടെയും വീടുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) റെയ്ഡ് നീണ്ടത് 20 മണിക്കൂറോളം. വെള്ളിയാഴ്ച രാവിലെ എട്ടോടെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ്.

ഡൽഹി സുഖ്‌ദേവ് വിഹാറിലെ റോബർട്ട് വദ്രയുടെ സ്ഥാപനമായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിലും വദ്രയുടെ ജോലിക്കാരൻ മനോജ് അറോറയുടെയും ഭാര്യയുടെ അച്ഛനമ്മമാരുടെയും സഹോദരിയുടെയും നോയ്‌ഡയിലെ വീടുകളിലുമായിരുന്നു റെയ്ഡ്.

ഇ.ഡി.യുടെ ഡൽഹിയിലെയും ജയ്‌പുരിലെയും ഉദ്യോഗസ്ഥരാണ്‌ ഇതിന് നേതൃത്വംനൽകിയത്. സ്കൈലൈറ്റിൽ റെയ്ഡ് നടക്കുന്ന സമയം മുഴുവൻ നാലുജീവനക്കാരെ അനങ്ങാൻ അനുവദിക്കാതെ തടഞ്ഞുവെച്ചു. വദ്രയുടെ അഭിഭാഷകനെയും ഉള്ളിലേക്ക് കടത്തിവിട്ടില്ല. ഓഫീസിലെ മുഴുവൻ ഫയലുകളും രേഖകളും അധികൃതർ കൊണ്ടുപോയി.

മനോജ് അറോറയുടെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ കിടപ്പിലായ 80 വയസ്സുള്ള അമ്മയും ഭാര്യയും അഞ്ചുവയസ്സുള്ള മകനുമേ ഉണ്ടായിരുന്നുള്ളൂ. ഭാര്യയെയും മകനെയും ഒരു മുറിയിലാക്കി ഉദ്യോഗസ്ഥർ വാതിലടച്ചു. സഹോദരിയുടെ വീട്ടിൽ റെയ്ഡ് നടന്നപ്പോൾ, തളർവാതംവന്ന്‌ കിടപ്പിലുള്ള ഭർത്താവിന്റെ ചികിത്സാരേഖകളും കൊണ്ടുപോയതായി ആരോപണമുണ്ട്.

അറോറയുടെ ഭാര്യയുടെ അച്ഛനമ്മമാരുടെ വീട്ടിൽ നടന്ന റെയ്ഡിനിടയിൽ മുഴുവൻ സാധനങ്ങളും വാരിവലിച്ചിട്ടതായും പരാതിയുണ്ട്. അറോറയുടെ ഭാര്യാപിതാവ് നേരത്തേ ഒരു മാധ്യമസ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു. ഇപ്പോൾ കൺസൾട്ടന്റും. ഈ സ്ഥാപനം ബി.ജെ.പി.യുടെ രാഷ്ട്രീയനയങ്ങളോട് യോജിക്കാത്തതിനാലാണ് ഈ പ്രതികാരമെന്ന് കോൺഗ്രസ് വൃത്തങ്ങൾ ആരോപിക്കുന്നു.

പ്രഥമവിവര റിപ്പോർട്ടോ വാറന്റോ ഇല്ലാതെ തികച്ചും നിയമവിരുദ്ധമായിട്ടാണ് റെയ്ഡ് നടത്തിയതെന്ന് കഴിഞ്ഞദിവസം വദ്രയുടെ അഭിഭാഷകൻ കുറ്റപ്പെടുത്തി. നേരത്തേ ഇ.ഡി. അധികൃതർ, ഹാജരാവണമെന്നാവശ്യപ്പെട്ട് രണ്ടുതവണ വദ്രയ്ക്ക് നോട്ടീസ് അയച്ചിരുന്നു. നോട്ടീസിന് വദ്ര കൃത്യമായി മറുപടി നൽകിയിട്ടുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. രണ്ടുതവണയായി 600 പേജിലധികംവരുന്ന രണ്ടുസെറ്റ് രേഖകൾ നവംബർ 26-നും ഡിസംബർ അഞ്ചിനുമായി നൽകി. ഇതൊന്നും പരിശോധിക്കാതെ 24 മണിക്കൂറിനുമുമ്പ് അയച്ച സമൻസ് കൈപ്പറ്റുംമുമ്പാണ് ഇപ്പോഴത്തെ റെയ്‌ഡെന്ന് കോൺഗ്രസ് വൃത്തങ്ങൾ ആരോപിച്ചു.