ന്യൂഡൽഹി: ഹരിയാണയിലെ ഗുരുഗ്രാമിൽ നടന്ന ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയ്ക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹരിയാണ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ, ഗുരുഗ്രാമിലെ ഡി.എൽ.എഫ്. കമ്പനി, ഓംകാരേശ്വർ പ്രോപ്പർട്ടീസ് എന്നിവരും കേസിൽ പ്രതികളാണ്.

2017 ഏപ്രിലിലാണ്‌ ഭൂമിയിടപാടിൽ വദ്രയ്ക്കെതിരായ ജസ്റ്റിസ് എസ്.എൻ. ധിംഗ്ര കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നത്. അന്ന്‌ റിപ്പോർട്ടിൽ പറഞ്ഞതിങ്ങനെ: “കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സഹോദരീഭർത്താവുമായ വദ്ര 2008-ൽ നടത്തിയ ഒരു ഭൂമിയിടപാടിലൂടെ ഒരു ചില്ലിക്കാശുപോലും ചെലവാക്കാതെ 50.5 കോടി രൂപയുടെ അനധികൃത സ്വത്ത്‌ സ്വന്തമാക്കി”.

2015-ൽ ഹരിയാണയിലെ മനോഹർ ലാൽ ഖട്ടർ സർക്കാരാണ് കമ്മിഷനെ നിയമിച്ചത്. ഗുരുഗ്രാമിലെ നാലു ഗ്രാമങ്ങളിലാണ്‌ ഭൂമിയിടപാട്‌ നടന്നത്.