ന്യൂഡൽഹി: പരിസ്ഥിതിപ്രവർത്തകനും എനർജി ആൻഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ടെറി) മുൻ മേധാവിയും ഡയറക്ടർ ജനറലുമായിരുന്ന രാജേന്ദ്രകുമാർ പച്ചൗരി എന്ന ആർ.കെ. പച്ചൗരി (79) അന്തരിച്ചു. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാനം പഠിക്കുന്ന പാനൽ (ഐ.പി.സി.സി.) 2007-ൽ സമാധാനത്തിനുള്ള നൊബേൽ നേടിയത് പച്ചൗരി ചെയർമാനായി സേവനം അനുഷ്ഠിക്കുമ്പോഴായിരുന്നു. 2001-ൽ പദ്മഭൂഷണും 2008-ൽ പദ്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ദീർഘകാലമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഡൽഹിയിലെ എസ്കോർട്ട് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ആശുപത്രിയിൽ അടുത്തിടെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.
ഊർജസംരക്ഷണവും പരിസ്ഥിതിമുന്നേറ്റവും ലക്ഷ്യംവെച്ച് 1974-ൽ ഡൽഹിയിൽ സ്ഥാപിച്ച ‘ടെറി’യെ ആഗോളതലത്തിൽ ശ്രദ്ധേയസ്ഥാപനമായി വളർത്തിയതിൽ പച്ചൗരി പ്രധാനപങ്കു വഹിച്ചു. സഹപ്രവർത്തകയെ മാനഭംഗപ്പെടുത്തി, ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നീ കുറ്റങ്ങളിൽ പ്രതിചേർക്കപ്പെട്ടതിനെത്തുടർന്നാണ് 2015-ൽ അദ്ദേഹം ടെറി ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് രാജിവെച്ചൊഴിഞ്ഞത്.
1940 ഓഗസ്റ്റ് 20-ന് ഉത്തരാഖണ്ഡിലെ നൈനിത്താളിൽ ജനിച്ച അദ്ദേഹം ലഖ്‌നൗവിലും ജംഷേദ്പുരിലെ ഇന്ത്യൻ റെയിൽവേസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാനിക്കൽ ആൻഡ് എൻജിനിയറിങ്ങിലുമായാണ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് ഇന്ത്യൻ റെയിൽവേയുടെ വാരാണസിയിലെ ഡീസൽ ലോക്കോ വർക്ക്സിൽ ജോലി ആരംഭിച്ചു. 1972-ൽ അമേരിക്കയിലെ നോർത്ത് കരോലൈന സർവകലാശാലയിൽനിന്ന് എം.എസും 1974-ൽ ഡോക്ടറേറ്റും നേടി. ഭാര്യ: സരോജ് പച്ചൗരി. മക്കൾ: രശ്മി, സോനാലി.
Content Highlights: RK Pachauri has passed away