മുംബൈ: ലണ്ടനിലേക്കോ ലോകത്തിൽ മറ്റെവിടേക്കെങ്കിലുമോ താമസം മാറ്റാൻ ഉദ്ദേശ്യമില്ലെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും കുടുംബവും. മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും പ്രധാന വസതി ലണ്ടനിലേക്ക് മാറ്റുകയാണെന്നുകാട്ടിയുള്ള റിപ്പോർട്ടുകൾ തള്ളി റിലയൻസ് ഇൻഡസ്ട്രീസ് ആണ് ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തുവന്നത്.

ബ്രിട്ടനിൽ ബക്കിങാംഷയറിലെ സ്റ്റോക്ക് പാർക്കിൽ 300 ഏക്കർ എസ്റ്റേറ്റ് റിലയൻസിനു കീഴിലുള്ള റിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ്‌സ് ലിമിറ്റഡ് 592 കോടി രൂപയ്ക്ക് അടുത്തിടെ ഏറ്റെടുത്തിരുന്നു. ഇതിനുപിന്നാലെ അംബാനിയും കുടുംബവും ഇവിടം സന്ദർശിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ഊഹാപോഹങ്ങൾ പടർത്തി ഇത്തരത്തിലുള്ള റിപ്പോർട്ട് വന്നത്. സാമൂഹികമാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയാവുകയും ചെയ്തു. റിപ്പോർട്ട് ഊഹാപോഹം മാത്രമാണെന്നും അതിന് ഒരു അടിസ്ഥാനവുമില്ലെന്നും റിലയൻസ് ഇൻഡസ്ട്രീസിന്റെ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.

300 ഏക്കർ വരുന്ന ഈ പൈതൃക എസ്റ്റേറ്റ് പ്രീമിയർ ഗോൾഫിങ്, സ്പോർട്‌സ് റിസോർട്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഏറ്റെടുത്തതെന്നും കമ്പനി പറയുന്നു. എസ്റ്റേറ്റിൽ 49 കിടപ്പുമുറികളും ബ്രിട്ടീഷ് ഡോക്ടർ നയിക്കുന്ന അത്യാധുനിക മെഡിക്കൽ സൗകര്യവും മറ്റ് ആഡംബരങ്ങളുമുണ്ട്.