ന്യൂഡൽഹി: വേദകാലത്തെ സാമൂഹികജീവിതവും അറിവുകളും സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് വിദ്യാഭ്യാസകാര്യ പാർലമെന്ററി സമിതിയുടെ ശുപാർശ.

ചരിത്ര പഠനത്തിൽ സ്വാതന്ത്ര്യസമരസേനാനികൾ, അവരുടെ സംഭാവന, വിവിധ പ്രദേശങ്ങളിൽനിന്നുള്ള പങ്കാളിത്തം മുതലായവ പുനരവലോകനം ചെയ്യണമെന്നാണ് പാഠപുസ്തകപരിഷ്കാരം ചർച്ച ചെയ്ത ശേഷം സമിതി തയ്യാറാക്കിയ റിപ്പോർട്ടിലെ നിർദേശം. ആറാം ക്ലാസ് പുസ്തകത്തിൽ ഹാരപ്പ സംസ്കാരത്തെക്കുറിച്ചുള്ള പാഠഭാഗത്ത് സമിതി ചില മാറ്റങ്ങൾ നിർദേശിച്ചു. - ഹാരപ്പ പ്രധാനമായും ദ്രാവിഡസംസ്കാരത്തിന്റെ ഭാഗമാണ്. അതിന്റെ ഉറവിടം പലപ്പോഴും സിന്ധുനദീതട സംസ്കാരവുമായി ബന്ധപ്പെടുത്തിയാണ് കണ്ടിട്ടുള്ളത്. ദ്രാവിഡർ നഗരവാസികളും ആര്യന്മാർ ഗ്രാമീണരും നാടോടികളുമായിരുന്നു. രാജ്യത്തിന്റെ വടക്കുഭാഗത്തു കഴിഞ്ഞിരുന്ന ദ്രാവിഡരെ ആര്യന്മാർ തെക്കുഭാഗത്തേക്ക്‌ തള്ളിവിട്ടു - ഇങ്ങനെ ചേർക്കണമെന്നാണ് നിർദേശം.

നാലാം അധ്യായത്തിൽ ഋഗ്വേദത്തിനൊപ്പം സാമവേദം, യജുർവേദം, അഥർവവേദം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തണം. പുരാണങ്ങൾക്കും ജൈനമതം, ബുദ്ധമതം എന്നിവയ്ക്കുമൊപ്പം സിഖ് വിശുദ്ധഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബും പരാമർശിക്കപ്പെടണം.

എൻ.സി.ഇ.ആർ.ടി, എസ്.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾക്കുവേണ്ടി പാർലമെന്ററി സമിതി തയ്യാറാക്കിയിട്ടുള്ളതാണ് ശുപാർശ. നാളന്ദ, തക്ഷശില സർവകലാശാലകളിലെ വിദ്യാഭ്യാസസമ്പ്രദായം വിശദമായി പഠിച്ച് ഇപ്പോഴത്തെ രീതിയിൽ പരിഷ്കരിച്ച് അധ്യാപകർക്കുള്ള മാതൃക തയ്യാറാക്കി നൽകണമെന്നാണ് നിർദേശം. തത്ത്വശാസ്ത്രം, ശാസ്ത്രം, ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം, ആയുർവേദം, പ്രകൃതിശാസ്ത്രം, രാഷ്ട്രീയം, സമ്പദ് വ്യവസ്ഥ, ഭാഷ, കല തുടങ്ങിയ മേഖലകളിൽ പുരാതന ഭാരതത്തിന്റെ സംഭാവനകളും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണം. പരമ്പരാഗത ഭാരതീയ വിജ്ഞാനശാഖയെ ആധുനികശാസ്ത്രവുമായി ബന്ധപ്പെടുത്തി സമകാലികസാഹചര്യത്തിൽ അവതരിപ്പിക്കണം.

ചരിത്രപഠനത്തിൽ വിസ്മരിക്കപ്പെട്ട സ്വാതന്ത്ര്യസമരസേനാനികളെ ഉൾക്കൊള്ളിക്കണം. സിഖുകാരുടെയും മറാഠാ വിഭാഗത്തിന്റെയുമൊക്കെ പ്രാതിനിധ്യം ഉൾപ്പെടുന്ന തരത്തിലുള്ള ചരിത്രപരിശോധന കൂടുതൽ സന്തുലിതമായ കാഴ്ചപ്പാടിനു സഹായകമാവും.

സ്കൂൾ പാഠപുസ്തകങ്ങളുടെ ഉള്ളടക്കവും രൂപകല്പനയും പരിഷ്കരിക്കുന്നതിനെക്കുറിച്ചാണ് വിനയ് സഹസ്രബുദ്ധെ അധ്യക്ഷനായ പാർലമെന്ററി സമിതി പരിശോധന നടത്തിയത്. പാഠപുസ്തകങ്ങളിലെ ചരിത്രവിരുദ്ധപരാമർശങ്ങൾ, ദേശീയ നായകരെക്കുറിച്ചുള്ള വക്രീകരണം ഒഴിവാക്കൽ തുടങ്ങിയവയും സമിതി പരിഗണിച്ചതായി ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കി.

Content Highlights: curriculum, Vedic age, parliamentary committee