ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനുശേഷം എത്ര കള്ളപ്പണം പിടികൂടിയെന്ന് അറിയിക്കാന്‍ ധനമന്ത്രാലയത്തോട് കേന്ദ്രവിവരാവകാശ കമ്മിഷന്‍ (സി.ഐ.സി.) നിര്‍ദേശിച്ചു. വിവരാവകാശ നിയമപ്രകാരം ഖാലിദ് മുണ്ടപ്പിള്ളി പ്രധാനമന്ത്രിയുടെ ഓഫീസിനു നല്കിയ അപേക്ഷയ്ക്ക് മറുപടി കൊടുക്കാനാണ് കമ്മിഷന്‍ ആവശ്യപ്പെട്ടത്.

2016 നവംബര്‍ 22-നാണ് അപേക്ഷ നല്കിയത്. വിവരാവകാശപ്രകാരമുള്ള അപേക്ഷകളില്‍ കാരണമില്ലാതെ മറുപടി 30 ദിവസത്തിലേറെ വൈകിപ്പിച്ചാല്‍ കമ്മിഷന് പിഴ ചുമത്താം. എന്നാല്‍, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ക്ഷമാപണം നടത്തിയതിനെത്തുടര്‍ന്ന് കമ്മിഷണര്‍ പിഴ ചുമത്തിയില്ല.

മറുപടി ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെതിരേ കഴിഞ്ഞവര്‍ഷം ജനുവരി ഒമ്പതിന് ഖാലിദ് പരാതി നല്കി.

ജനുവരി 25-ന് ഈ പരാതി റവന്യൂ വകുപ്പിന് കൈമാറിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കമ്മിഷനെ അറിയിച്ചു. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും റവന്യൂ വകുപ്പില്‍നിന്നു മറുപടി ലഭിച്ചില്ലെന്ന് പരാതിക്കാരന്‍ കമ്മിഷനെ അറിയിച്ചു. തുടര്‍ന്നാണ് 30 ദിവസത്തിനകം മറുപടി നല്കാന്‍ റവന്യൂ വകുപ്പിനോട് കമ്മിഷന്‍ നിര്‍ദേശിച്ചത്.