ന്യൂഡൽഹി/സിങ്കപ്പൂർ: ഇന്ത്യ വ്യോമാക്രമണം നടത്തി തകർത്തുവെന്നവകാശപ്പെട്ട പാകിസ്താനിലെ ജെയ്ഷെ മുഹമ്മദിന്റെ മദ്രസക്കെട്ടിടം അതുപോലെ നിലനിൽക്കുന്നതായി റോയിട്ടേഴ്സിൻറെ റിപ്പോർട്ട്. ഉപഗ്രഹചിത്രങ്ങൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഉപഗ്രഹസ്ഥാപനമായ പ്ലാനറ്റ് ലാബ്സാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. വ്യോമാക്രമണം നടത്തി ആറു ദിവസത്തിനുശേഷം മാർച്ച് നാലിനെടുത്ത ചിത്രത്തിൽ മദ്രസയുടെ ആറു കെട്ടിടങ്ങൾ വ്യക്തമായി കാണാമെന്ന് സ്ഥാപനം പറയുന്നു.

ഇതുവരെ വ്യോമാക്രമണം നടന്ന സ്ഥലത്തിന്റെ വ്യക്തമായ ഉപഗ്രഹചിത്രങ്ങൾ പരസ്യമായി ലഭ്യമായിരുന്നില്ല. പ്ലാനറ്റ് ലാബിന്റെ ചിത്രങ്ങൾ ലഭ്യമായതിൽ ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങളാണ്.

ഇപ്പോഴത്തെ ചിത്രം 2018 ഏപ്രിലിൽ എടുത്ത ഉപഗ്രഹചിത്രവുമായി താരതമ്യം ചെയ്യുമ്പോൾ പ്രകടമായ വ്യത്യാസമൊന്നുമില്ല. കെട്ടിടങ്ങളുടെ മേൽക്കൂരയിൽ തിരിച്ചറിയാൻ കഴിയുന്ന തുളകളില്ല, ബോംബാക്രമണത്തിൽ കെട്ടിടം തകർന്നതിന്റെയോ പിഴുതെറിയപ്പെട്ട മരങ്ങളുടെ ദൃശ്യങ്ങളോ വ്യോമാക്രമണത്തിന്റെ മറ്റു സൂചനകളോ ഇല്ല.

ഉപഗ്രഹചിത്രങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിനും പ്രതിരോധമന്ത്രാലയത്തിനും തങ്ങൾ ഇ-മെയിൽ അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും റോയിട്ടേഴ്സ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ലക്ഷ്യം തെറ്റിയോ?

ഉപഗ്രഹദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ ബോംബാക്രമണത്തിന്റെ സൂചനകൾ ഇല്ലെന്ന് മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിലെ ഈസ്റ്റ് ഏഷ്യ നോൺപ്രോളിഫെറേഷൻ വിഭാഗം ഡയറക്ടർ ജെഫ്രി ല്യൂവിസിനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. ആയുധകേന്ദ്രങ്ങളുടെയും സംവിധാനങ്ങളുടെയും ഉപഗ്രഹചിത്രങ്ങൾ വിശകലനം ചെയ്യുന്നതിൽ 15 വർഷത്തെ പരിചയസമ്പത്ത് ഉള്ളയാളാണ് ജെഫ്രി ല്യൂവിസ്.

സംഭവസ്ഥലം റോയിട്ടേഴ്സിന്റെ റിപ്പോർട്ടർമാർ രണ്ടുതവണ സന്ദർശിച്ചെന്നും സമീപപ്രദേശങ്ങളിലുള്ള ആളുകളുമായി നടത്തിയ അഭിമുഖത്തിൽനിന്ന് തകർക്കപ്പെട്ട ക്യാംപിന്റെയോ ആളുകൾ കൊല്ലപ്പെട്ടതിൻറെയോ തെളിവുകൾ ലഭ്യമായില്ലെന്നും റിപ്പോർട്ട് പറഞ്ഞു.

വലിയ സ്ഫോടനങ്ങളുണ്ടായെന്നും എന്നാൽ, ബോംബുകൾ മരങ്ങൾക്കുമേലാണ് പതിച്ചതെന്നും ഗ്രാമീണർ പറഞ്ഞതായും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

content highlights: Reuters report says JeM camp in Balakot intact; releases satellite image