ഗുവാഹാട്ടി: സാധാരണക്കാരന് ഇനി ആശ്വസിക്കാം. റെസ്റ്റോറന്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നികുതി അഞ്ച് ശതമാനമാക്കി ഏകീകരിക്കാന്‍ ചരക്ക്-സേവന നികുതി (ജി.എസ്.ടി.) കൗണ്‍സില്‍ തീരുമാനിച്ചു. ഇതോടെ ഹോട്ടല്‍ഭക്ഷണത്തിന് വില കുറയും. പഞ്ചനക്ഷത്രഹോട്ടലുകള്‍ ഒഴികെയുള്ളവയ്ക്കാണ് ഇത് ബാധകമാവുകയെന്ന് അസമിലെ ഗുവാഹാട്ടിയില്‍ നടന്ന 23-ാം ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിനുശേഷം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്!ലി വ്യക്തമാക്കി. നവംബര്‍ 15 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍വരും.

ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐ.ടി.സി.) ഇല്ലാതെയാണ് അഞ്ചുശതമാനം നികുതി ബാധകമാവുക. ഇതുവരെ നോണ്‍-എ.സി. റെസ്റ്റോറന്റുകളുടെ നികുതി 12 ശതമാനമായിരുന്നു. എ.സി. റെസ്റ്റോറന്റുകളുേടത് 18 ശതമാനവും.

വ്യാപകമായി ഉപയോഗിക്കുന്ന 177 ഉത്പന്നങ്ങളുടെ നികുതി 28-ല്‍ നിന്ന് 18 ശതമാനമായി കുറയ്ക്കാനും യോഗം തീരുമാനിച്ചു. 227 ഉത്പന്നങ്ങള്‍ക്കാണ് 28 ശതമാനം നികുതിയുണ്ടായിരുന്നത്. ഇനി ഈ ആഡംബരനികുതി 50 ശതമാനങ്ങള്‍ക്കു മാത്രമാവും ബാധകം.

നികുതി കുറയ്ക്കുന്നത് രാജ്യത്തിന്റെ വാര്‍ഷികവരുമാനത്തില്‍ വര്‍ഷം 20,000 കോടി രൂപയുടെ കുറവുണ്ടാക്കിയേക്കും. അതിനാല്‍ നികുതിഘടന മാറ്റുന്നതിന് സമയമെടുക്കുമെന്ന് ജി.എസ്.ടി. നെറ്റ്!വര്‍ക്ക് സംബന്ധിച്ച മന്ത്രിതലസമിതിയുടെ കണ്‍വീനറും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍കുമാര്‍ മോദി പറഞ്ഞു.

കൗണ്‍സിലിന്റെ മറ്റു പ്രധാന തീരുമാനങ്ങള്‍

* 228 ഉത്പന്നങ്ങളുടെ നികുതിനിരക്ക് പുനഃപരിശോധിച്ചു. 213 ഉത്പന്നങ്ങളുടെ നികുതി കുറച്ചു.

* 28 ശതമാനം നികുതിയുണ്ടായിരുന്ന എല്ലാതരം ച്യൂയിങ്ഗം, ചോക്ലേറ്റുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഷേവിങ് ഉത്പന്നങ്ങള്‍, ഷാമ്പൂ, സോപ്പുപൊടി, ടൂത്ത്‌പേസ്റ്റ്, ഷൂപോളിഷ്, ഗ്രാനൈറ്റ്, മാര്‍ബിള്‍ തുടങ്ങിയവയ്ക്ക് 18 ശതമാനം നികുതിയാക്കി കുറച്ചു.

* പെയിന്റ്, സിമന്റ്, വാഷിങ് മെഷീന്‍, എയര്‍ കണ്ടീഷണര്‍ എന്നിവയുടെ നികുതി 28 ശതമാനമായി നിലനിര്‍ത്തി.

* ടാക്‌സ് കോമ്പോസിഷന്‍ സ്‌കീമിന്റെ വരുമാനപരിധി ഒരുകോടിയില്‍നിന്ന് ഒന്നരക്കോടി രൂപയാക്കി.

* കോമ്പോസിഷന്‍ നികുതി തിരഞ്ഞെടുക്കുന്നതിനുള്ള വരുമാനപരിധി രണ്ടുകോടി രൂപയാക്കി. ഇവര്‍ക്ക് അന്തസ്സംസ്ഥാന വ്യാപാരനികുതിയും ഐ.ടി.സി.യും ബാധകമായിരിക്കില്ല.

* 13 ഉത്പന്നങ്ങളുടെ നികുതി 18-ല്‍നിന്ന് 12 ശതമാനമാക്കി.

* ആറുത്പന്നങ്ങളുടെ നികുതി 12-ല്‍നിന്ന് അഞ്ചു ശതമാനമാക്കി.

* ആറുത്പന്നങ്ങളുടെ അഞ്ചു ശതമാനം നികുതി ഒഴിവാക്കി.

* 7,500 രൂപയോ അതിലധിമോ വാടക വരുന്ന മുറികളുള്ള ഹോട്ടലുകള്‍ക്കുള്ള നികുതി 18 ശതമാനമാക്കി. 7,500 രൂപയില്‍ താഴെ വാടകവരുന്ന മുറികളുള്ള ഹോട്ടലുകളുെട നികുതി അഞ്ചു ശതമാനമാക്കി.

* ഔട്ട്‌ഡോര്‍ കാറ്ററിങ്ങിന് നികുതി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റോടെ 18 ശതമാനമാക്കി.

* എം.ആര്‍.പി. വിലയിലും കൂടുതല്‍ തുക ഈടാക്കാന്‍ ആരെയും അനുവദിക്കില്ല.