ന്യൂഡൽഹി: ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റസംവരണം എത്രയുംവേഗം നടപ്പാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. നാലുമാസത്തിനകമെങ്കിലും ഇതുസംബന്ധിച്ച നിർദേശമിറക്കണമെന്നും ജസ്റ്റിസ് എൽ. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. ഒരുകൂട്ടം കോടതിയലക്ഷ്യ ഹർജികളുൾപ്പെടെ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി.

ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റസംവരണം സംബന്ധിച്ച സിദ്ധരാജു കേസിലെ വിധിയിൽ അവ്യക്തതയുണ്ടെന്ന കേന്ദ്രവാദം ബെഞ്ച് തള്ളി. വിധിയിൽ ഒരുവിധ ആശയക്കുഴപ്പവുമില്ലെന്നും 2016-ലെ ഭിന്നശേഷിക്കാരുടെ അവകാശനിയമത്തിലെ 34-ാംവകുപ്പ് പ്രകാരമുള്ള സംവരണം നടപ്പാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഓരോ സർക്കാർസ്ഥാപനങ്ങളിലെയും ഓരോ ഗ്രൂപ്പ് തസ്തികകളിലും നാലുശതമാനത്തിൽ കുറയാത്ത സംവരണം ഭിന്നശേഷിക്കാർക്ക് നൽകണമെന്നാണ് 34-ാംവകുപ്പിൽ പറയുന്നത്. സർക്കാരുകൾ യഥാസമയം ഇറക്കുന്ന നിർദേശങ്ങൾപ്രകാരമായിരിക്കണം സ്ഥാനക്കയറ്റ സംവരണമെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാൽ നിയമം നിലവിൽവന്ന് അഞ്ചുവർഷമായിട്ടും 34-ാംവകുപ്പ് പ്രകാരമുള്ള സ്ഥാനക്കയറ്റ സംവരണം നടപ്പാക്കാൻ നിർദേശമൊന്നും ഇറക്കിയില്ലെന്ന് വിവിധ കക്ഷികൾ ചൂണ്ടിക്കാട്ടി. തുടർന്നാണ് നാലുമാസത്തിനകം നിർദേശമിറക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതി ഹർജികൾ തീർപ്പാക്കിയത്.

ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നൽകുന്നത് നിരോധിച്ചിട്ടില്ലെന്ന് 2016-ലെ രാജീവ്കുമാർ ഗുപ്ത കേസ്‌വിധിയിൽ സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ച് നിരീക്ഷിച്ചിരുന്നു. പ്രസ്തുതവിധി സംബന്ധിച്ച റഫറൻസിന് ഉത്തരം നൽകിക്കൊണ്ട് 2020-ൽ ജസ്റ്റിസ് നരിമാന്റെ മൂന്നംഗബെഞ്ചും വിധിപറഞ്ഞു. ഇതിൽ അവ്യക്തതയുണ്ടെന്നുകാട്ടി കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഭിന്നശേഷിക്കാർക്ക് എല്ലാമേഖലയിലും സ്ഥാനക്കയറ്റസംവരണം നൽകുന്നത് പ്രയോഗികമല്ലെന്നാണ് കേന്ദ്രം വാദിച്ചത്. സംസ്ഥാന സിവിൽസർവീസുകളിൽനിന്ന് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസുകളിലേക്ക് നിയമനം നടത്തുമ്പോൾ എസ്.സി., എസ്.ടി., ഒ.ബി.സി. സംവരണം നൽകാറില്ല. ഗ്രൂപ്പ് എ വിഭാഗത്തിൽ ഒട്ടേറെ തലങ്ങളിൽ ക്വാട്ട നൽകാറില്ല. അതിനാൽ ഗ്രൂപ്പ് എ യിലെ എല്ലാ തസ്തികകളിലും ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റസംവരണം നൽകുന്നതു സംബന്ധിച്ച് വ്യക്തത ആവശ്യമാണെന്നും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതക്കുറവില്ലെന്നു ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, കേന്ദ്രവാദങ്ങൾ തള്ളി.