ന്യൂഡൽഹി: റിലയൻസ് ഫൗണ്ടേഷന്റെ നിലവിലില്ലാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് വിശിഷ്ട സ്ഥാപന പദവി നൽകാനുള്ള കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ തീരുമാനം വിവാദത്തിൽ. നടപടിക്കെതിരേ കടുത്ത വിമർശനമുയർന്നു. പ്രവർത്തിക്കാത്തതും സങ്കല്പത്തിലുള്ളതുമായ ഒരു സ്ഥാപനത്തിനു പദവി നല്കിയത് അപലപനീയമാണെന്ന് കോൺഗ്രസും ഇടതുപാർട്ടികളും ആരോപിച്ചു.

എന്നാൽ, യു.ജി.സി.യുടെ പുതുക്കിയ മാനദണ്ഡമനുസരിച്ച് ഗ്രീൻഫീൽഡ് വിഭാഗത്തിൽപ്പെടുത്തിയാണ് ജിയോയെ പരിഗണിച്ചതെന്നും അവർക്കു ധാരണാപത്രം മാത്രമാണു നല്കിയതെന്നും വിദഗ്ധസമിതി അധ്യക്ഷൻ എൻ. ഗോപാലസ്വാമിയും കേന്ദ്ര ഉന്നതവിദ്യാഭ്യാസ സെക്രട്ടറി എൻ. സുബ്രഹ്മണ്യനും പറഞ്ഞു.

റിലയൻസ് ഉടമസ്ഥതയിലുള്ള ജിയോ ഇൻസ്റ്റിറ്റ്യൂട്ട് അടക്കം ആറ്് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വിശിഷ്ട സ്ഥാപന പദവി നൽകാൻ തിങ്കളാഴ്ചയാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. കാനഡയിലുള്ള കേന്ദ്ര മാനവശേഷി വികസനമന്ത്രി പ്രകാശ് ജാവഡേക്കർ ട്വിറ്ററിലൂടെയാണ് തീരുമാനം പ്രഖ്യാപിച്ചത്. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും മൂന്നുവീതം സ്ഥാപനങ്ങൾക്കാണ് മുൻ മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ എൻ. ഗോപാലസ്വാമി അധ്യക്ഷനായ വിദഗ്ധസമിതി ‘വിശിഷ്ടപദവി’ ശുപാർശ ചെയ്തത്. സ്വകാര്യമേഖലയിൽ നിന്നുള്ളവയുടെ പട്ടികയിലാണ് റിലയൻസിന്റെ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനെ ഉൾപ്പെടുത്തിയത്.

എന്നാൽ, തീരുമാനം പുറത്തുവന്നതിനു തൊട്ടുപിന്നാലെ വിവിധ കോണുകളിൽനിന്ന് കടുത്ത വിമർശനമുയർന്നു. നിലവിലില്ലാത്ത സ്ഥാപനത്തിനു വിശിഷ്ടപദവി നല്കിയതിലൂടെ റിലയൻസ് ഉടമ മുകേഷ് അംബാനിയെ ബി.ജെ.പി. സഹായിച്ചിരിക്കുകയാണെന്നും സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

പൊതുമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തഴഞ്ഞ് സ്വകാര്യ സ്ഥാപനങ്ങളെ വഴിവിട്ടു പ്രോത്സാഹിപ്പിക്കുന്ന സർക്കാരിന്റെ നീക്കത്തിന്റെ ഉദാഹരണമാണിതെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.

എന്നാൽ, തീരുമാനത്തിൽ ചട്ടലംഘനമില്ലെന്ന് സർക്കാർ ന്യായീകരിച്ചു. യു.ജി.സി.യുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസ് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി റെഗുലേഷൻ 2017 ലെ 6.1 ഉപവകുപ്പ് പ്രകാരമാണ് ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനെ പരിഗണിച്ചത്. പൊതുവിഭാഗം, സ്വകാര്യവിഭാഗം, ഗ്രീൻഫീൽഡ് വിഭാഗം എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായാണ് വിശിഷ്ടസ്ഥാപന പദവി പരിഗണിച്ചത്. സ്വകാര്യവിഭാഗത്തിൽ നിലവിലുള്ള സ്വകാര്യസ്ഥാപനങ്ങളെയും ഗ്രീൻഫീൽഡ് വിഭാഗത്തിൽ നിലവിലില്ലാത്തതും ഭാവിയിൽ വരാനിരിക്കുന്നതുമായ സ്ഥാപനങ്ങളെയുമാണ് പരിഗണിക്കുക. ഇതനുസരിച്ച് ഗ്രീൻഫീൽഡ് വിഭാഗത്തിലാണ് ജിയോയെ ഉൾപ്പെടുത്തിയതെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ. സുബ്രഹ്മണ്യം പറഞ്ഞു.

സ്ഥാപനത്തിനുള്ള സ്ഥലലഭ്യത, അധ്യാപകരടക്കമുള്ള കോർ ടീം, സാമ്പത്തികശേഷി, സമഗ്രമായ പ്രോജക്ട് എന്നീ നാലു മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഗ്രീൻഫീൽഡ് സ്ഥാപനങ്ങളെ വിലയിരുത്തിയത്. 11 അപേക്ഷകളാണ് ഈ വിഭാഗത്തിൽ ലഭിച്ചത്. ജിയോ മാത്രമാണ് എല്ലാ മാനദണ്ഡങ്ങളും പാലിച്ചത്. ഈ സ്ഥാപനത്തിനു മൂന്നുവർഷത്തേക്ക് ധാരണാപത്രം മാത്രമാണ്‌ നൽകുന്നത്. അതിനുള്ളിൽ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തനം തുടങ്ങിയാൽ വിശിഷ്ട സേവനപദവി നൽകും. ഇല്ലെങ്കിൽ റദ്ദാക്കും. സ്വകാര്യ സ്ഥാപനങ്ങൾക്കു സഹായധനമില്ല- സെക്രട്ടറി വ്യക്തമാക്കി.

നവിമുംബൈക്കടുത്ത് ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനായി എണ്ണൂറേക്കർ സ്ഥലം റിലയൻസ് ഏറ്റെടുത്തിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു.

എൻ. ഗോപാലസ്വാമി അധ്യക്ഷനും വിദ്യാഭ്യാസവിദഗ്ധരായ രേണു ഖട്ടോർ, തരുൺ ഖന്ന തുടങ്ങിയവർ അംഗങ്ങളുമായ വിദഗ്ധസമിതിയാണു ശുപാർശ നൽകിയത്. ഗ്രീൻഫീൽഡ് വിഭാഗത്തിൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ സെറ്റിൽമെന്റ്, ഗാന്ധിനഗറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് എന്നീ സ്ഥാപനങ്ങൾ അപേക്ഷിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടില്ല. ചട്ടങ്ങളിൽ ഇളവ് വരുത്തിയാൽ സ്വയംഭരണം നൽകുന്ന കാര്യം ഈ സ്ഥാപനങ്ങളുടെ കാര്യത്തിൽ പരിഗണിക്കാമെന്ന് വിദഗ്ധസമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഇവയുടെകാര്യം പ്രത്യേകം പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.