ബെംഗളൂരു: ഇന്ത്യൻ മഹാസമുദ്രമേഖലയിലെ (ഐ.ഒ.ആർ.) രാജ്യങ്ങൾക്ക് പ്രതിരോധ ഉപകരണങ്ങൾ നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ‘എയ്‌റോ ഇന്ത്യ’യുടെ ഭാഗമായി ബെംഗളൂരുവിൽനടന്ന ഐ.ഒ.ആർ. രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം.

മിസൈലുകൾ, ലഘു യുദ്ധവിമാനം-ഹെലികോപ്റ്റർ, വിവിധോദ്ദേശ്യ ലഘുവിമാനം, യുദ്ധക്കപ്പൽ, ടാങ്കുകൾ, റഡാറുകൾ, സൈനിക വാഹനങ്ങൾ, വൈദ്യുത യുദ്ധസംവിധാനം എന്നിവ നൽകാൻ തയ്യാറാണ്.

വിദേശകമ്പനികൾക്ക് ആകർഷകമായ അവസരങ്ങളാണ് ഇന്ത്യൻ എയ്റോസ്പേസും പ്രതിരോധവ്യവസായങ്ങളും ഒരുക്കുന്നത്. ഭീകരവാദത്തോടുള്ള പോരാട്ടത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ഭീകരവാദത്തിനെതിരേ കൈകോർക്കുകയും വേണം. ഒരു രാജ്യത്തിനുനേരെയുള്ള ഭീഷണി നാളെ മറ്റുരാജ്യത്തിനുനേരെയാകാമെന്നും മന്ത്രി പറഞ്ഞു.

27 ഐ.ഒ.ആർ. രാജ്യങ്ങളിലെ പ്രതിനിധികൾ വെർച്വലായും നേരിട്ടും യോഗത്തിൽ പങ്കെടുത്തു. പ്രതിരോധസെക്രട്ടറി ഡോ. അജയ് കുമാർ, സംയുക്തസേനാമേധാവി ബിപിൻ റാവത്ത്, നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിങ്, കരസേനാമേധാവി എം.എം. നരവണെ എന്നിവർ പങ്കെടുത്തു.

content highlights: ready to supply defence equipments to iro nations says rajnath singh