ബാങ്കോക്ക്: രാജ്യത്തെ കാർഷിക, ഉത്പാദന മേഖലകൾ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്ന മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർ.സി.ഇ.പി.) കരാറിൽ ഒപ്പിടേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചു.

തായ്‌ലാൻഡിലെ ബാങ്കോക്കിൽ തിങ്കളാഴ്ച നടന്ന അവസാനവട്ട ചർച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യയുടെ തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യ ഉയർത്തിയ സുപ്രധാനവിഷയങ്ങളും ആശങ്കകളും പരിഗണിക്കുന്നതിൽ ആർ.സി.ഇ.പി. ചർച്ചകൾ പരാജയപ്പെട്ടതിനാലാണ് പിൻമാറ്റമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയെക്കൂടാതെ കരാറുമായി മുന്നോട്ടുപോവുകയാണെന്ന് അതിൽ പങ്കാളികളായ 15 രാജ്യങ്ങളും സംയുക്തപ്രസ്താവനയിൽ അറിയിച്ചു. ഇതോടെ ഏഴുവർഷം നീണ്ട ചർച്ചകൾക്ക് അന്ത്യമായി. ഇന്ത്യ തയ്യാറാകുമ്പോൾ ആർ.സി.ഇ.പി.യിൽ ചേരാമെന്ന് ചൈനയുടെ വിദേശകാര്യ ഉപമന്ത്രി ലെ യുചെങ് പറഞ്ഞു. ഫെബ്രുവരിയിൽ കരാർ ഔദ്യോഗികമായി ഒപ്പിട്ടേക്കും.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയിലെ (ആസിയാൻ) 10 രാജ്യങ്ങളും അവയുടെ സ്വതന്ത്രവ്യാപാരപങ്കാളികളായ ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണകൊറിയ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളുമാണ് ആർ.സി.ഇ.പി. ചർച്ചകളിൽ ഏർപ്പെട്ടിരുന്നത്. പങ്കാളിത്ത രാജ്യങ്ങൾക്കെല്ലാം തുല്യവിപണി വേണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഇന്ത്യ മുന്നോട്ടുവെച്ചിരുന്നു. ചൈനയിൽനിന്ന് കുറഞ്ഞനിരക്കിൽ കാർഷിക, വ്യാവസായിക ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് ഒഴുകുന്നതിലുള്ള ആശങ്കയും പങ്കിട്ടിരുന്നു.

“വിപുലമായ പ്രാദേശിക ഐക്യത്തിനും സ്വതന്ത്ര വ്യാപാരത്തിനും ചട്ടങ്ങളിൽ അധിഷ്ഠിതമായ അന്താരാഷ്ട്ര വ്യവസ്ഥയ്ക്കുംവേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത്. ആർ.സി.ഇ.പി. ചർച്ചകളിൽ തുടക്കംമുതലേ സജീവമായും ക്രിയാത്മകമായും അർഥവത്തായും ഇന്ത്യ പങ്കെടുത്തിരുന്നു. ഇന്ന് ചുറ്റുംനോക്കുമ്പോൾ ഏഴു വർഷത്തിനിടെ ആഗോള സമ്പദ്‌വ്യവസ്ഥയും വാണിജ്യരംഗവുമുൾപ്പെടെ ഒട്ടേറെക്കാര്യങ്ങൾ മാറി. ഇക്കാര്യങ്ങളൊന്നും നാം പരിഗണിച്ചില്ല. എല്ലാ ഇന്ത്യക്കാരുടെയും താത്പര്യങ്ങളുമായി ആർ.സി.ഇ.പി. കരാറിനെ തുലനം ചെയ്തു നോക്കിയപ്പോൾ അനുകൂലമായ മറുപടി എനിക്കു കിട്ടിയില്ല. എന്തുചെയ്യുമ്പോഴും രാജ്യത്തെ ഏറ്റവും ദരിദ്രനായ മനുഷ്യന് എന്തു പ്രയോജനം കിട്ടുന്നുവെന്നു നോക്കണമെന്ന ഗാന്ധിജിയുടെ വികസനമന്ത്രവും എന്റെ മനഃസാക്ഷിയും ആർ.സി.ഇ.പി.യിൽ ചേരാൻ എന്നെ അനുവദിക്കുന്നില്ല” -വിവിധ രാഷ്ട്രനേതാക്കളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ മുന്നോട്ടുവെച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ശനിയാഴ്ച നടന്ന പിൻവാതിൽ ചർച്ചകളും പരാജയപ്പെട്ടിരുന്നു. അമേരിക്കയുമായുള്ള വാണിജ്യബന്ധത്തിൽനിന്ന് പിൻമാറിക്കൊണ്ടിരിക്കുന്ന ചൈനയാണ് കരാർ ശനിയാഴ്ചതന്നെ ഒപ്പിടണമെന്ന നിർബന്ധവുമായി മുന്നോട്ടുപോയതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.

വ്യാപാരകാര്യത്തിൽ ആഗോളശക്തികളുടെ സമ്മർദത്തിനുവഴങ്ങി ഇന്ത്യ വിട്ടുവീഴ്ച ചെയ്യുന്ന കാലം കഴിഞ്ഞുപോയെന്ന് സർക്കാർ കേന്ദ്രങ്ങൾ പറഞ്ഞു.

കംബോഡിയയിലെ നോംപെനിൽ 2012 നവംബറിൽ നടന്ന 21-ാം ആസിയാൻ ഉച്ചകോടിയിലാണ് ആർ.സി.ഇ.പി. കാരറിനുള്ള ചർച്ചകൾ തുടങ്ങിയത്. ആസിയാൻ രാജ്യങ്ങളെയും അവയുടെ സ്വതന്ത്രവ്യാപാരപങ്കാളികളായ രാജ്യങ്ങളെയും ഒന്നിപ്പിച്ച് സ്വതന്ത്രവ്യാപാരമേഖല രൂപവത്കരിക്കുക എന്നതായിരുന്നു കരാറിന്റെ ഉദ്ദേശ്യം.

Content Highlights: RCEP deal India Bangkok