ന്യൂഡൽഹി: ആർ.സി.ഇ.പി. കരാറിൽനിന്നുള്ള ഇന്ത്യയുടെ പിൻമാറ്റം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ നേതൃത്വത്തിന്റെയും ഏതുസാഹചര്യത്തിലും ദേശീയതാത്പര്യം സംരക്ഷിക്കണമെന്ന നിശ്ചയദാർഢ്യത്തിന്റെയും ജയമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

ഇന്ത്യയുടെ താത്പര്യം പരിഗണിക്കാത്ത കരാറുകളുമായി മുന്നോട്ടുപോകേണ്ടെന്ന പ്രധാനമന്ത്രിയുടെ നിലപാട്, വാണിജ്യകാര്യത്തിൽ ദേശീയതാത്പര്യം സംരക്ഷിക്കാതിരുന്ന യു.പി.എ. സർക്കാരിന്റെ നിലപാടിൽനിന്നുള്ള മാറ്റമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എതിർപ്പിന്റെ വിജയം -കോൺഗ്രസ്

കരാറിൽനിന്നുള്ള ഇന്ത്യയുടെ പിൻമാറ്റം തങ്ങളുടെ ശക്തമായ എതിർപ്പിന്റെ വിജയമാണെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. ദേശീയ താത്പര്യം സംരക്ഷിക്കുന്ന എല്ലാവരുടെയും വിജയമാണിതെന്ന് കോൺഗ്രസിന്റെ മുഖ്യവക്താവ് രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു.

സ്വാഗതം ചെയ്യുന്നു -ബി.എം.എസ്.

കരാറിൽനിന്ന് പിന്മാറാനുള്ള ഇന്ത്യയുടെ തീരുമാനം ബി.എം.എസ്. സ്വാഗതം ചെയ്തു. രാജ്യത്തിന്റെ കാർഷിക, ഉത്പാദനമേഖലയ്ക്ക് ദോഷകരമായ വ്യവസ്ഥകളടങ്ങുന്ന കരാറിൽനിന്ന് വിട്ടുനിൽക്കാൻ കൈക്കൊണ്ട തീരുമാനം ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയ്ക്ക് ഏറെ ഗുണംചെയ്യുമെന്ന് സംഘടനയുടെ ദേശീയ പ്രസിഡന്റ് സജി നാരായണൻ പറഞ്ഞു.

Content Highlights: RCEP deal, India, Bangkok