മുംബൈ: റിസർവ് ബാങ്ക് അടിസ്ഥാനനിരക്കുകൾ കുറച്ചതും മൂന്നുമാസത്തേക്ക് വായ്പ തിരിച്ചടവിന് മൊറട്ടോറിയം ഏർപ്പെടുത്തിയതും രാജ്യത്തെ കോടിക്കണക്കിന് ആളുകൾക്ക് ആശ്വാസംപകരും. അടിസ്ഥാനനിരക്കുകൾ കുറച്ചതിലൂടെ പലിശനിരക്കുകൾ വലിയ തോതിൽ കുറയാനാണ് വഴിയൊരുങ്ങിയിരിക്കുന്നത്. ഭവന-വാഹന പ്രതിമാസ തിരിച്ചടവ് (ഇ.എം.ഐ.) കുറയാൻ ഇത് അവസരമൊരുക്കും. മൊറട്ടോറിയ കാലാവധിയിൽ പലിശ ഈടാക്കുന്നതിനു ബാങ്കുകൾക്കു തടസ്സമില്ല. ഇതനുസരിച്ച് വായ്പകളുടെ തിരിച്ചടവു കാലപരിധി മൂന്നുമാസം നീട്ടാനും ആർ.ബി.ഐ. നിർദേശിച്ചിട്ടുണ്ട്.

ബാങ്കുകൾ ഇത് ഉടൻതന്നെ ഉപഭോക്താക്കൾക്കു കൈമാറുമെന്നാണ് കരുതുന്നത്. റിപോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പകൾക്ക് ഇതിന്റെ ഫലം നേരിട്ടുലഭിക്കും. എം.സി.എൽ.ആർ. നിരക്കിലുള്ള വായ്പകൾ വർഷത്തിലൊരിക്കലാണ് വായ്പനിരക്കുകൾ പുതുക്കുക.

21 ദിവസത്തെ അടച്ചിടലിന്റെ പശ്ചാത്തലത്തിൽ ബാങ്കുശാഖകൾ അടിയന്തര ഇടപാടുകൾമാത്രമേ നിർവഹിക്കുന്നുള്ളൂ. ഈസാഹചര്യത്തിൽ വായ്പ തിരിച്ചടവിന് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകളുണ്ട്. പലർക്കും ബാങ്കിൽ പോകാൻ കഴിയില്ല. വലിയ വാണിജ്യബാങ്കുകളിൽ ഇന്റർനെറ്റ്-മൊബൈൽ ബാങ്കിങ് സൗകര്യമുണ്ടെങ്കിലും പല ചെറുബാങ്കുകളിലും ഇവ ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിൽ തിരിച്ചടവിനു സാവകാശം ലഭിക്കുന്നത് അവർക്ക് ഏറെ ആശ്വാസംപകരും. തൊഴിൽനഷ്ടവും വരുമാനനഷ്ടവും നേരിടുന്ന ഇടത്തരക്കാർക്കും ഗുണംചെയ്യും.

വൻകിടബാങ്കുകൾക്കുപുറമേ റീജണൽ റൂറൽ ബാങ്ക്, ചെറുബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ, സഹകരണ ബാങ്കുകൾ, സാമ്പത്തികസ്ഥാപനങ്ങൾ, ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ, ഭവനവായ്പാസ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം മൊറട്ടോറിയം ബാധകമാണ്. മാർച്ച് ഒന്നുമുതലുള്ള തിരിച്ചടവിനാണ് ഇതു ബാധകമാവുക. പ്രവർത്തനമൂലധനത്തിനുള്ള വായ്പകളിൽ മൂന്നുമാസത്തേക്ക് പലിശ തിരിച്ചടയ്ക്കുന്നതിന് ഇളവനുവദിച്ചത് വൻകിടകമ്പനികൾക്കും ചെറുകിട സ്ഥാപനങ്ങൾക്കും പ്രയോജനംചെയ്യും. ഇത്തരത്തിൽ തിരിച്ചടവുമുടങ്ങുന്നത് കിട്ടാക്കടമായി മാറില്ല എന്നത് ബാങ്കുകൾക്കും ആശ്വാസമാണ്.

റിപോ നിരക്ക്‌ കുറച്ച സാഹചര്യത്തിൽ നിക്ഷേപപലിശ ഇനിയും കുറഞ്ഞേക്കും. വിവിധ കാലയളവുകളിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇപ്പോൾത്തന്നെ ഏറെ താഴെയാണ്. വീണ്ടും ഇതുകുറയുന്നത് മുതിർന്ന പൗരന്മാരെയുൾപ്പെടെ ബാധിക്കാനിടയുണ്ട്.

Content Highlights: RBI permits banks to allow 3-month moratorium on auto, home loan EMIs