ന്യൂഡൽഹി: നോട്ട് അസാധുവാക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച പ്രധാനപ്പെട്ട രണ്ടു വാദങ്ങൾ അപ്പോൾത്തന്നെ റിസർവ് ബാങ്ക് (ആർ.ബി.ഐ.) തള്ളിയിരുന്നതായി റിപ്പോർട്ട്. കള്ളപ്പണം നിയന്ത്രിക്കാനും കള്ളനോട്ട് വിപണിയിലെത്തുന്നതു തടയാനും കഴിയുമെന്ന സർക്കാർ വാദങ്ങളാണ് ആർ.ബി.ഐ. തള്ളിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് അസാധുവാക്കൽ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്കുമുമ്പ് നടന്ന ആർ.ബി.ഐ. ബോർഡ് യോഗം പദ്ധതിക്ക് അംഗീകാരം നൽകിയെങ്കിലും കള്ളപ്പണവും കള്ളനോട്ടും നിയന്ത്രിക്കാനാകുമെന്ന വാദത്തെ എതിർത്തിരുന്നതായി യോഗത്തിന്റെ മിനിട്സ് വ്യക്തമാക്കുന്നു.

2016 നവംബർ എട്ടിനാണ് 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അന്നു വൈകീട്ട് 5.30-ന് ആർ.ബി.ഐ. ബോർഡ് യോഗം അടിയന്തരമായി വിളിച്ചിരുന്നു. സർക്കാർനീക്കത്തെ പ്രശംസനീയമെന്നു വിശേഷിപ്പിച്ച ബോർഡ്, ചില മുന്നറിയിപ്പുകളും നൽകി. ഹ്രസ്വകാലത്തേക്ക് മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ഇടിവുണ്ടാകുമെന്നത് ഉൾപ്പെടെയുള്ള മുന്നറിയിപ്പുകളാണ് ബോർഡ് നൽകിയത്.

നോട്ട് അസാധുവാക്കൽവഴി കള്ളപ്പണം നിയന്ത്രിക്കാനും കള്ളനോട്ടുകൾ പ്രചാരത്തിലെത്തുന്നതു തടയാനും കഴിയുമെന്ന വാദം ബോർഡ് അംഗീകരിച്ചില്ല. കള്ളപ്പണം പ്രധാനമായും വസ്തുവിലും സ്വർണത്തിലുമാണ് നിക്ഷേപിക്കുന്നത്. കറൻസിയായി സൂക്ഷിക്കുന്നത് കുറവായിരിക്കും. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകളാണ് കൂടുതലുള്ളതെന്നും 400 കോടി രൂപ മൂല്യംവരുന്ന കള്ളനോട്ടുകൾ വിപണിയിലുണ്ടെന്നുമുള്ള സർക്കാർ വാദവും യോഗം തള്ളി.

കള്ളനോട്ടടിക്കുന്നത് ആശങ്കയുളവാക്കുന്നതാണ്. എന്നാൽ, വിപണിയിലുള്ള നോട്ടുകളുടെ തുച്ഛമായ ശതമാനമേ ഇതു വരുകയുള്ളൂവെന്ന് യോഗം ചൂണ്ടിക്കാട്ടി. ഉയർന്ന മൂല്യമുള്ള നോട്ടുകൾ അസാധുവാക്കുന്നത് മെഡിക്കൽ, ടൂറിസം ഉൾപ്പെടെയുള്ള മേഖലകളെ ബാധിക്കുമെന്നും ബോർഡ് മുന്നറിയിപ്പു നൽകിയിരുന്നു.

നോട്ട് അസാധുവാക്കൽ സംബന്ധിച്ച് ആറുമാസമായി സർക്കാരും ആർ.ബി.ഐ.യും ചർച്ച നടത്തിവരുകയായിരുന്നുവെന്ന് 2016 ഡിസംബർ 15-ന് ആർ.ബി.ഐ. ഗവർണർ ഉർജിത് പട്ടേൽ ഒപ്പുവെച്ച മിനിട്സ് വ്യക്തമാക്കുന്നു. എന്നാൽ, ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും സർവതോമുഖ സാമ്പത്തികവളർച്ചയ്ക്കും ഇലക്‌ട്രോണിക് മാർഗങ്ങളിലൂടെയുള്ള പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാനും നോട്ട് അസാധുവാക്കൽ വലിയ അവസരമാണ് നൽകുന്നതെന്ന് മിനുട്സിൽ പറയുന്നു.