ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന് കേന്ദ്ര വിവരാവകാശ കമ്മിഷന്റെ കാരണം കാണിക്കൽ നോട്ടീസ്. വായ്പയെടുത്തശേഷം മനഃപൂർവം തിരിച്ചടയ്ക്കാത്തവരുടെ പട്ടിക പുറത്തുവിടണമെന്നുള്ള സുപ്രീംകോടതി വിധിയോട് അനാദരവു കാണിച്ചതിനാണ് വിവരാവകാശ കമ്മിഷൻ നോട്ടീസ് അയച്ചത്.

അമ്പതുകോടിയും അതിനു മുകളിലും വായ്പയെടുത്തതിനുശേഷം തിരിച്ചടയ്ക്കാത്തവരുടെ പേര് പുറത്തുവിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സുപ്രീം കോടതിവിധി അനുസരിച്ച് പട്ടിക പുറത്തുവിടുന്നതിൽ വീഴ്ചവരുത്തിയതിന് നടപടി എടുക്കാതിരിക്കാനുള്ള കാരണമുണ്ടെങ്കിൽ വിശദമാക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്. സുപ്രീംകോടതി ഉത്തരവ് ആർ.ബി.ഐ. പാലിക്കാത്തതിൽ നിരാശയുണ്ടെന്ന് കമ്മിഷൻ അറിയിച്ചു.

കിട്ടാക്കടം സംബന്ധിച്ചുള്ള ആർ.ബി.ഐ. മുൻ ഗവർണർ രഘുറാം രാജന്റെ കത്ത് പരസ്യപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്, ധനമന്ത്രാലയം, ആർ.ബി.ഐ. എന്നിവയോട് കമ്മിഷൻ ആവശ്യപ്പെട്ടു.