ന്യൂഡൽഹി : മുതിർന്ന മന്ത്രിമാരായിരുന്ന രവിശങ്കർ പ്രസാദും പ്രകാശ് ജാവഡേക്കറും പുറത്തായത് സർക്കാരിനെതിരേ ഉയർന്ന ആരോപണങ്ങൾ ചെറുക്കുന്നതിൽ വീഴ്ചവരുത്തിയെന്ന വിമർശനത്തെത്തുടർന്ന്. കോവിഡിന്റെ രണ്ടാംവ്യാപനവും ട്വിറ്റർ വിവാദവും സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിച്ചപ്പോൾ ഇരുവരും ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് ആർ.എസ്.എസിലും പാർട്ടിക്കുള്ളിലും വിമർശനം. കേന്ദ്രസർക്കാരിന്റെ വക്താക്കളായിരുന്ന ഇരുവരെയും പാർട്ടി പ്രവർത്തനരംഗത്തേക്ക്് നിയോഗിക്കുമെന്നാണ് സൂചന. ബി.ജെ.പി. യുടെ ഉന്നതസമിതിയായ പാർലമെന്ററി ബോർഡിൽ ഇവരെ ഉൾപ്പെടുത്തിയേക്കും.

മോദിസർക്കാരിന്റെ പ്രധാന വക്താക്കളായിരുന്നു രവിശങ്കർപ്രസാദും പ്രകാശ് ജാവഡേക്കറും. അരുൺ ജെയ്റ്റ്‌ലിയുടെ മരണശേഷം മന്ത്രിസഭായോഗമടക്കമുള്ള പ്രധാന വിവരങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുന്നത് ഇരുവരുമായിരുന്നു. കോവിഡിന്റെ രണ്ടാംവ്യാപനത്തിൽ പ്രതിരോധ നടപടികളിലുണ്ടായ വീഴ്ചകൾക്കെതിരേ രാജ്യത്തിനകത്തും പുറത്തും ആരോപണങ്ങൾ ഉയർന്നത് സർക്കാരിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ഓക്സിജൻ ക്ഷാമം, കൂട്ടമരണങ്ങൾ, ഗംഗയിൽ മൃതദേഹങ്ങൾ ഒഴുക്കിവിട്ട സംഭവങ്ങൾ തുടങ്ങിയവ രാജ്യാന്തര മാധ്യമങ്ങളിൽ വാർത്തകളായി. ഇവയെ ഫലപ്രദമായി പ്രതിരോധിക്കാൻ വാർത്താവിതരണ മന്ത്രാലയം നടപടി സ്വീകരിച്ചില്ലെന്നാണ് ജാവഡേക്കർക്കെതിരേയുള്ള ആരോപണം. സാമൂഹികമാധ്യമങ്ങളെ നിയന്ത്രിക്കാനായി കൊണ്ടുവന്ന ചട്ടങ്ങൾ, സിനിമാചട്ടത്തിൽ അവതരിപ്പിച്ച ഭേദഗതികൾ, പരിസ്ഥിതി ആഘാതം വിലയിരുത്തലിന്റെ കരട് എന്നിവയ്ക്കെതിരേ ഉയർന്ന പ്രതിഷേധങ്ങളെ തണുപ്പിച്ച് സർക്കാരിനനുകൂലമാക്കി മാറ്റിയെടുക്കാൻ ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യലംഘനം ചൂണ്ടിക്കാട്ടി പ്രതിഷേധമുയർത്താൻ ഇത് അവസരം നൽകിയെന്നാണ് വിമർശനം.

സാമൂഹികമാധ്യമ നിയന്ത്രണ ചട്ടങ്ങളിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് ഉണ്ടായ ട്വിറ്റർ വിവാദമാണ് രവിശങ്കർ പ്രസാദിന് വിനയായത്. ഇത് രാജ്യാന്തരതലത്തിൽ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്നാണ് പാർട്ടിയുടെ പക്ഷം. ഇന്ത്യയിൽ സാമൂഹികമാധ്യമങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യമില്ലെന്ന പ്രചാരണം രാജ്യത്തിന് പുറത്ത് ശക്തമായി ഉയർന്നിട്ടും ഫലപ്രദമായി കൈകാര്യം ചെയ്തില്ല.

ഡോ. ഹർഷ്‌വർധൻ, രമേശ് പൊഖ്രിയാൽ, സദാനന്ദ ഗൗഡ എന്നിവർ മോശം പ്രകടനം മൂലമാണ് ഒഴിവാക്കപ്പെട്ടതെന്നാണ് പാർട്ടി കേന്ദ്രങ്ങളുടെ നിലപാട്. ഉത്തർപ്രദേശിലെ കോവിഡ് പ്രതിരോധ വീഴ്ചകളെ പരസ്യമായി വിമർശിച്ചതാണ് തൊഴിൽ മന്ത്രിയായിരുന്ന സന്തോഷ് ഗംഗേവാറിന് പുറത്തേക്ക് വഴി തുറന്നത്. ഗംഗേവാറിനെതിരേ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആർ.എസ്.എസിനും പ്രധാനമന്ത്രിക്കും പരാതി നൽകിയിരുന്നു. അതേസമയം, ഭരണത്തിലെ വീഴ്ചകൾ ചില മന്ത്രിമാരുടെ തലയിൽ ചുമത്തി മുഖംരക്ഷിക്കുകയാണ് പ്രധാനമന്ത്രിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.