മുംബൈ: ബലാത്സംഗ പരാതി നല്കിയ യുവതി ബിനോയ് കോടിയേരിയുമായുണ്ടായിരുന്ന ബന്ധം വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ മുംബൈ പോലീസിനു കൈമാറി. പാസ്പോർട്ട്, കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് രേഖകൾ എന്നിവ ഇതിൽപ്പെടും.

മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ആരോഗ്യവിഭാഗം നല്കിയ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ അച്ഛന്റെ സ്ഥാനത്തു ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണു പേരുള്ളത്. 2010 ജൂലായ് 22-നാണു യുവതി ആൺകുട്ടിക്കു ജന്മം നൽകുന്നത്. ആ സമയത്ത് അന്ധേരി വെസ്റ്റിലെ സ്വാതി അപ്പാർട്ട്‌മെന്റിലെ ഫ്ളാറ്റ് നമ്പർ 401-ലാണ് താമസിച്ചിരുന്നത്. ബിനോയിയുടെ സ്ഥിരം വിലാസവും ഇതുതന്നെയാണ് നൽകിയിട്ടുള്ളത്. 2010 നവംബർ ഏഴിനാണു ജനനസർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.

യുവതിയുടെ പാസ്പോർട്ടിലും ഐ.സി.ഐ.സി. ബാങ്കിലെ അക്കൗണ്ട് രേഖകളിലും ഭർത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണുള്ളത്. മുംബൈയിലെ മലാഡിൽനിന്നാണ് പാസ്പോർട്ട് എടുത്തിരിക്കുന്നത്. 2014-ൽ പുതുക്കിയ പാസ്പോർട്ടിലാണ്‌ ഭർത്താവിന്റെ സ്ഥാനത്തു ബിനോയിയുടെ പേരുള്ളത്. വിവാഹ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ നൽകിയാൽമാത്രമേ പാസ്പോർട്ടിൽ ഭർത്താവിന്റെ പേരു ചേർക്കാനാവുകയുള്ളൂ.

യുവതിയുടെ ബന്ധുക്കളും ബിനോയിയും മാത്രമായി വിവാഹം ഹിന്ദു ആചാരപ്രകാരം സ്വകാര്യമായി നടന്നെന്നാണ് യുവതി പോലീസിൽ നൽകിയ മൊഴി. വിവാഹം രജിസ്റ്റർ ചെയ്തതിന്റെ രേഖകളും ഇവർ പോലീസിന് നൽകിയിട്ടുണ്ട്. അതിലും ഭർത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നുതന്നെയാണ്.

പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തും. ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച മുംബൈ ദിൻഡോഷി കോടതി വിധി പറയാനിരിക്കെയാണു കൂടുതൽ തെളിവുകൾ പുറത്തുവന്നിരിക്കുന്നത്.

Content Highlights: rape allegation; more documents against binoy kodiyeri