ന്യൂഡൽഹി: ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ബുധനാഴ്ച സ്ഥാനമേറ്റു. രാഷ്ട്രപതിഭവനിൽനടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യദിനംതന്നെ ആദ്യഭരണപരിഷ്കാരം ജസ്റ്റിസ് ഗൊഗോയ് വ്യക്തമാക്കി. കേസുകൾ അടിയന്തരമായി ലിസ്റ്റ് ചെയ്യുന്നതിനായി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുന്ന ‘മെൻഷനിങ്’ ഇനി വേണ്ട എന്നതാണത്.

അത്യധികം അടിയന്തരസാഹചര്യത്തിലുള്ള വിഷയങ്ങൾമാത്രം ഇത്തരത്തിൽ ശ്രദ്ധയിൽപ്പെടുത്തിയാൽ മതിയെന്ന് കേസുകൾ മെൻഷൻ ചെയ്യാൻനിന്ന അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. ആരെയെങ്കിലും തൂക്കിക്കൊല്ലുകയോ ഒഴിപ്പിക്കുകയോപോലുള്ള അടിയന്തരവിഷയങ്ങൾമാത്രം മെൻഷൻചെയ്യാം. അല്ലാത്ത കേസുകൾ സാധാരണരീതിയിൽ അതിന്റെ സമയത്ത്‌ കോടതി പരിഗണിക്കും.

സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരാണ് മുമ്പ് കേസുകൾ ഇത്തരത്തിൽ മെൻഷൻചെയ്ത് വേഗത്തിൽ എടുപ്പിച്ചിരുന്നത്. മുതിർന്ന അഭിഭാഷകർ കേസുകൾ മെൻഷൻചെയ്യുന്നത് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അവസാനിപ്പിച്ചിരുന്നു. പകരം മെൻഷൻചെയ്യാനുള്ള അവകാശം സുപ്രീംകോടതിയിലെ ‘അഡ്വക്കറ്റ് ഓൺ റെക്കോഡു’മാർക്ക് മാത്രമാക്കുകയും ചെയ്തിരുന്നു. പുതിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് മെൻഷനിങ് എന്ന നടപടിക്രമംതന്നെ ആവശ്യമില്ലെന്ന നിലപാടാണ്‌ സ്വീകരിച്ചത്.

കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർക്കുന്നതിനാകും താൻ പ്രാധാന്യം നൽകുകയെന്ന് സ്ഥാനമേൽക്കുംമുമ്പ് അദ്ദേഹം പറഞ്ഞിരുന്നു. എല്ലാകാര്യത്തിലും അനാവശ്യമായി പൊതുതാത്പര്യഹർജികൾ നൽകുന്നതിനോടും ജസ്റ്റിസ് ഗൊഗോയ് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

കേസുകൾ വിവിധ ബെഞ്ചുകൾക്ക്‌ വീതിച്ചുനൽകുന്നതിൽ (റോസ്റ്റർ) അപാകമുണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരേ പത്രസമ്മേളനം നടത്തിയ നാല്‌ ജഡ്ജിമാരിൽ ഒരാൾ ഗൊഗോയ് ആയിരുന്നു. പുതിയ റോസ്റ്റർ ബുധനാഴ്ച നിലവിൽവന്നു. പൊതുതാത്പര്യ ഹർജികൾ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചുതന്നെ കേൾക്കും. ചില പൊതുതാത്പര്യ ഹർജികൾ ജസ്റ്റിസ് മദൻ ബി. ലോകുറിന്റെ ബെഞ്ചിന്‌ കൈമാറും.