ന്യൂഡൽഹി: കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ജനാധിപത്യത്തിന്റെ ഉത്സവം’ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ജൂലായ് രണ്ടാംവാരം നടക്കുന്ന പരിപാടിയിലേക്കുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചതായി രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യസംവിധാനത്തിലെ മാറ്റങ്ങൾ, സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും സംവാദങ്ങളും നടക്കും. ദളിത് ലെജിസ്ലേറ്റീവ് കോൺഫറൻസ്, നാഷണൽ വിമൻ ലെജിസ്ലേറ്റീവ് കോൺഫറൻസ്, നാഷണൽ മീഡിയ കോൺക്ലേവ് ഓൺ ഡെമോക്രസി എന്നീ പരിപാടികളും നടക്കും. രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മൂവായിരത്തോളം വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നാഷണൽ സ്റ്റുഡന്റ് പാർലമെന്റ്, നിയമസഭയുടെ പ്രവർത്തനവും നിയമസഭാസമിതികളുടെ പ്രവർത്തനരീതികളും വിശദമാക്കുന്ന കോൺഫറൻസ് എന്നിവയുമുണ്ടാകും- സ്പീക്കർ പറഞ്ഞു.

കേരളത്തിന്റെ വികസനത്തെ അടിസ്ഥാനമാക്കി ദേശീയസംവാദവും ഒരുക്കുന്നുണ്ട്. നവംബറിൽ വജ്രജൂബിലി ആഘോഷം സമാപിക്കും. നിയമസഭാ സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ ഓഫ് ഗവേണൻസ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും സ്പീക്കർ പറഞ്ഞു.