ന്യൂഡല്‍ഹി: വൈവിധ്യമാണ് ഇന്ത്യയുടെ വിജയത്തിന്റെ അടിസ്ഥാനമെന്നും അതാണ് രാജ്യത്തെ വ്യത്യസ്തമാക്കുന്ന കാതലായ സവിശേഷതയെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടത്തിയ കന്നിപ്രസംഗത്തിലാണ് രാഷ്ട്രപതി ഇങ്ങനെ പറഞ്ഞത്.

വിവാദവിഷയങ്ങളെ പരാമര്‍ശിക്കാതെയായിരുന്നു പുതിയ രാഷ്ട്രപതിയുടെ പ്രസംഗം. ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും അതിനാല്‍ ഇന്ത്യയുടെ ഉത്തരവാദിത്വം ആഗോളപരമാണെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു. സംസ്ഥാനങ്ങളുടെയും പ്രാദേശികതകളുടെയും മതങ്ങളുടെയും ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും ജീവിതരീതികളുടെയും മിശ്രിതമാണ് ഇന്ത്യ. വ്യത്യസ്തരാണെങ്കിലും സാമ്യതയും ഐക്യമുള്ളവരുമാണ്.

പുരാതന മൂല്യങ്ങളോടും നാലാം വ്യവസായവിപ്ലവത്തോടും യോജിച്ചുനില്‍ക്കുന്നതാണ് ഇന്ത്യയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. പാരമ്പര്യവും പുതിയ സാങ്കേതികവിദ്യകളും യോജിപ്പിക്കണം. ഗ്രാമപ്പഞ്ചായത്തുകള്‍ സമൂഹം അടിസ്ഥാനമാക്കി പ്രശ്‌നപരിഹാരമുണ്ടാക്കുമെങ്കില്‍, ഡിജിറ്റല്‍ റിപ്പബ്ലിക് രാജ്യത്തെ ബഹുദൂരം മുന്നോട്ടു നയിക്കും. ഇന്ത്യയുടെ ദേശീയ ഉദ്യമങ്ങളുടെ രണ്ട് തൂണുകളാണിവ. രാഷ്ട്രങ്ങളെ നിര്‍മിച്ചത് സര്‍ക്കാരുകള്‍ മാത്രമല്ല. രാജ്യനിര്‍മാണത്തിന് ദേശാഭിമാനവും അനിവാര്യമാണ്.

ഓരോ പൗരനും ഓരോ രാഷ്ട്രനിര്‍മാതാവാണെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. മണ്ണ്, ജലം, സംസ്‌കാരം, പാരമ്പര്യം, ആത്മീയത, തൊഴില്‍ എന്നിവയിലെല്ലാം അഭിമാനം കണ്ടെത്തണം. അതിര്‍ത്തി കാക്കുന്ന സൈനികര്‍, കര്‍ഷകര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്ന യുവാക്കള്‍, പരിസ്ഥിതി സംരക്ഷിക്കുന്ന ആദിവാസികള്‍, കുടുംബം പരിപാലിക്കുന്ന സ്ത്രീകള്‍ തുടങ്ങിയവരെല്ലാം രാഷ്ട്രനിര്‍മാതാക്കളാണ്.

ജനങ്ങള്‍ തങ്ങളുടെ പ്രതിനിധികളെ ഗ്രാമപ്പഞ്ചായത്തുകളില്‍നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കുമ്പോള്‍, അവരില്‍ തങ്ങളുടെ പ്രതീക്ഷകള്‍ അര്‍പ്പിക്കുന്നു. ഇതിന് പകരമായി ജനപ്രതിനിധികള്‍ തങ്ങളുടെ സേവനം രാജ്യത്തിനായി സമര്‍പ്പിക്കുന്നു. കൂടുതല്‍ നേട്ടങ്ങള്‍ക്കായി യത്‌നിക്കണം. സമാധാനം, സ്വസ്ഥത, പരിസ്ഥിതി സന്തുലനം എന്നിവയ്ക്കായുള്ള അന്വേഷണത്തില്‍, ലോകത്തെ ബുദ്ധന്റെ നാട് നയിക്കുന്നത് യുക്തമാണെന്നും രാഷ്ട്രപതി പറഞ്ഞു.