ന്യൂഡൽഹി: കരാറുകാർ ഉടക്കിയതിനെത്തുടർന്ന് അനിശ്ചിതത്വത്തിലായ കോഴിക്കോട്ടെ രാമനാട്ടുകര-വെങ്ങളം ബൈപാസ് ആറുവരിപ്പാതയുടെ പണി ഓഗസ്റ്റ് 10-ന് മുൻപ് തുടങ്ങും. ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യത്തിൽ എം. കെ. രാഘവൻ എം.പി.ക്ക് ഉറപ്പുനൽകിയത്.

വ്യാഴാഴ്ച മന്ത്രിയുടെ ഓഫീസിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന അവലോകന യോഗത്തിലാണ് ഉറപ്പുലഭിച്ചത്. കരാറുകാരായ ഹൈദരാബാദിലെ കെ.എം.സി. കമ്പനി എം.ഡി വിക്രം റെഡ്ഡിയെ ഗഡ്കരി ഫോണിൽ നേരിട്ട് വിളിച്ച് പണി ഉടൻ ആരംഭിക്കാൻ നിർദേശംനൽകി. കെ.എം.സിയുടെ നേരത്തേയുണ്ടായിരുന്ന സാമ്പത്തിക-കുടിശ്ശിക വിഷയം വൈകാതെ കേന്ദ്രം പരിഹരിക്കും.

രണ്ടു വർഷംകൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി മൂന്ന് വർഷമായിട്ടും തുടങ്ങാത്തത് ജനങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്ന് രാഘവൻ ചൂണ്ടിക്കാട്ടി. സ്പെഷ്യൽ പർപ്പസ് വെഹിക്കിളിൽ ഓഹരി എടുത്ത കേരള സർക്കാർ സ്ഥാപനമായ ഇൻകെലും കരാറുകാരുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റിൽ പണി ആരംഭിച്ചില്ലെങ്കിൽ നിരാഹാര സമരത്തിനും ബഹുജന പ്രക്ഷോഭത്തിനും താൻ നേതൃത്വം നൽകുമെന്നും രാഘവൻ അറിയിച്ചു.