പട്‌ന: 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി രാം വിലാസ് പസ്വാനെതിരേ മത്സരിക്കുമെന്ന് മകൾ ആശ. ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡി. സീറ്റ് അനുവദിക്കുകയാണെങ്കിൽ ആശ പസ്വാനെതിരെയും താൻ പസ്വാന്റെ മകൻ ചിരാഗിനെതിരെയും മത്സരിക്കുമെന്ന് ആശയുടെ ഭർത്താവ് അനിൽ സാധു പറഞ്ഞു.

“രണ്ടാം ഭാര്യയിലുള്ള മകൻ ചിരാഗ് പസ്വാന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാൻ, ആദ്യഭാര്യയിലുള്ള പെൺമക്കളെ പസ്വാൻ അവഗണിക്കുകയാണ്. അദ്ദേഹത്തിന്റെ പാർട്ടിയിൽ പട്ടികജാതിയിൽപ്പെട്ട അംഗങ്ങളോട് അടിമകളെപ്പോലെയാണ് പെരുമാറുന്നത്. സ്വന്തം ജാതിയിൽ നിന്നുള്ളവർ തന്നെ എതിർപ്പുയർത്തുന്നു.”

പസ്വാനെതിരെയോ, ചിരാഗിനെതിരെയോ മത്സരിക്കാൻ തയ്യാറാണെന്ന് തങ്ങൾ ലാലു പ്രസാദ് യാദവിനെയും തേജസ്വിയെയും അറിയിച്ചിട്ടുണ്ടെന്ന് അനിൽ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

2015-ൽ എൽ.ജെ.പി. ടിക്കറ്റിൽ അനിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.