ന്യൂഡൽഹി: അയോധ്യയിലെ ക്ഷേത്ര നിർമാണത്തിനായി ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്നും ഇക്കാര്യം സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും കോൺഗ്രസ്. ഭൂമിയിടപാടിൽ അഴിമതിയുണ്ടെന്ന് ഞായറാഴ്ച സമാജ്‌വാദി പാർട്ടിയും ആം ആദ്മി പാർട്ടിയുമാണ് ആരോപിച്ചത്. പിന്നാലെയാണ് കോൺഗ്രസ് അന്വേഷണം ആവശ്യപ്പെട്ടത്. രണ്ടുകോടി രൂപയ്ക്കു വാങ്ങിയ ഭൂമി മിനിറ്റുകൾക്കകം രാമക്ഷേത്ര ട്രസ്റ്റിന് 18.5 കോടിക്ക് മറിച്ചുവിറ്റതായാണ് ആരോപണം.

ഭക്തർ രാമക്ഷേത്രത്തിനായി നൽകിയ പണം ദുരുപയോഗം ചെയ്യുന്നത് വിശ്വാസത്തെ അവഹേളിക്കലാണെന്ന് ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു. കോടിക്കണക്കിനാളുകൾ വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും ഭാഗമായാണ് വഴിപാട് നൽകുന്നത്. ഇതിന്റെ ദുരുപയോഗം അനീതിയും പാപവും വിശ്വാസത്തോടുള്ള അവഹേളനവുമാണ് -പ്രിയങ്ക കുറ്റപ്പെടുത്തി.

ഭക്തരിൽ നിന്നു സ്വരൂപിച്ച പണമുപയോഗിച്ചു നടത്തിയ വൻ അഴിമതിയാണിതെന്നും പിന്നിലുള്ളവർക്ക് സംരക്ഷണമുണ്ടോ എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു. മാർച്ച് 18-ന് രവി തിവാരി, സുൽത്താൻ അൻസാരി എന്നിവർ കുസും പതക് എന്നയാളിൽനിന്ന് രണ്ടുകോടി രൂപയ്ക്ക് 12,080 ചതുരശ്രമീറ്റർ ഭൂമി വാങ്ങി. മിനിറ്റുകൾക്കകം ഇത് ക്ഷേത്ര ട്രസ്റ്റിന് 18.5 കോടി രൂപയ്ക്ക് ഇവർ വിറ്റു. ട്രസ്റ്റ് അംഗങ്ങളായ ബി.ജെ.പി. നേതാവ് അനിൽ മിശ്രയും അയോധ്യ മുൻ മേയർ ഋഷികേശ് ഉപാധ്യായയുമാണ് കരാറിന് സാക്ഷികളെന്നും സുർജേവാല പറഞ്ഞു.

Content Highlight; Ram temple trust accused of land Scam