അയോധ്യ: ആയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണച്ചുമതലയുള്ള ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്രട്രസ്റ്റ് ഭൂമി ഇടപാടിൽ അഴിമതി നടത്തിയതായി സമാജ്‌വാദി പാർട്ടി നേതാവ് തേജ് നാരായൺ പാണ്ഡെ ആരോപിച്ചു. അയോധ്യയിലെ വിജേശ്വർ പ്രദേശത്ത് 12,080 ചതുരശ്രമീറ്റർ സ്ഥലംവാങ്ങിയതിലാണ് അഴിമതി. ഇക്കാര്യം സി.ബി.ഐ. അന്വേഷിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മാർച്ച് 18 രാത്രി 7.10-ന് രണ്ടുകോടി രൂപ നൽകി രവിമോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നിവർ വാങ്ങിയ ഭൂമി മിനിറ്റുകൾക്കകം 18.5 കോടിക്ക് ട്രസ്റ്റ് വാങ്ങുകയായിരുന്നു. 17 കോടി രൂപ ആർ.ടി.ജി.എസ്. ആയി രവിമോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നിവരുടെ അക്കൗണ്ടിലേക്ക് അയച്ചതായും പാണ്ഡ‍െ പറഞ്ഞു. ട്രസ്റ്റ് അംഗം അനിൽമിശ്രയും അയോധ്യമേയർ ഋഷികേഷ് ഉപാധ്യായയും ഇടപാടിന് സാക്ഷികളാണെന്നും പാണ്ഡെ പറഞ്ഞു. ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് ട്വിറ്ററിലൂടെ ഇതുമായി ബന്ധപ്പെട്ട രേഖകളും പുറത്തുവിട്ടു.

രാമക്ഷേത്രനിർമാണത്തിനായി 2020 ഫെബ്രുവരിയിലാണ് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് രൂപവത്‌കരിച്ചത്.

Content Highlights:Ram Temple Trust Accused Of Land Scam