ന്യൂഡൽഹി: കാർഷികനിയമങ്ങൾ പിൻവലിക്കുകയും താങ്ങുവില നിയമപരമായി ഉറപ്പാക്കുകയും ചെയ്തില്ലെങ്കിൽ പാർലമെന്റ് ഉപരോധിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. രാജ്യത്തെ സ്വകാര്യകമ്പനികളുടെ വലിയ ഗോഡൗണുകൾ തകർക്കുമെന്നും മുന്നറിയിപ്പു നൽകി.

40 ലക്ഷം ട്രാക്ടറുകളിലായി കർഷകർ റാലി നടത്തും. ഏത് സമയത്തും ഡൽഹി ചലോ മാർച്ചിന് സജ്ജരായിരിക്കണമെന്നും ഇതിനുള്ള ദിവസം സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിക്കുമെന്നും രാജസ്ഥാനിലെ സിക്കറിൽ കിസാൻ മഹാപഞ്ചായത്തിൽ ടിക്കായത്ത് പറഞ്ഞു.

പ്രതിഷേധവുമായി എത്തുന്ന കർഷകർ ഇന്ത്യാഗേറ്റിന് സമീപമുള്ള പാർക്കുകൾ ഉഴുത് വിത്തു വിതയ്ക്കും. റിപ്പബ്ലിക് ദിന സംഘർഷങ്ങളുടെ മറവിൽ കർഷകരെ മോശക്കാരാക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും എന്നാൽ, കർഷകർ ദേശീയപതാകയെ ബഹുമാനിക്കുന്നവരാണെന്നും ടിക്കായത്ത് പറഞ്ഞു.

Content Highlights: Rakesh Tikait Warns Of Farmers' March To Parliament