ന്യൂഡൽഹി: ഉത്തർപ്രദേശിൽ അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ കർഷകപ്രക്ഷോഭം ഉയർത്തിക്കാട്ടി കേന്ദ്രവിരുദ്ധനീക്കം ഊർജിതമാക്കി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബി.ജെ.പി. ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഒന്നിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് മമതയുടെ പുതിയ പടനീക്കം. കർഷകനേതാവ് രാകേഷ് ടിക്കായത്തുമായുള്ള കൂടിക്കാഴ്ചയിൽ മമത ഇക്കാര്യം വ്യക്തമാക്കി.

പടിഞ്ഞാറൻ യു.പി.യിലെ വലിയ വോട്ടുബാങ്കായ ജാട്ടുവിഭാഗക്കാരിൽ നല്ല സ്വാധീനമുള്ള കർഷകനേതാവാണ് രാകേഷ് ടിക്കായത്ത്. യു.പി. തിരഞ്ഞെടുപ്പിന് ഇനി ദൂരമില്ലെന്നിരിക്കേ മമതാ ബാനർജിയെ അദ്ദേഹം ബംഗാളിൽ ചെന്നു കാണുകയായിരുന്നു. ബംഗാളിനു പുറത്തേക്ക്‌ പാർട്ടി വ്യാപിപ്പിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് അടുത്തിടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒരുമാസത്തിനുള്ള ദേശീയ പദ്ധതി ആവിഷ്കരിക്കുമെന്നാണ് പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ പ്രഖ്യാപനം.

കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നതുവരെ അവരെ പിന്തുണയ്ക്കുമെന്ന് മമത വ്യക്തമാക്കി. മറ്റു മുഖ്യമന്ത്രിമാരോടും സംസാരിക്കാൻ കർഷകനേതാക്കൾ തന്നോട് ആവശ്യപ്പെട്ടു. ഒന്നിച്ചു കത്തയയ്ക്കാൻ എല്ലാ മുഖ്യമന്ത്രിമാരോടും സംസാരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് അവർക്കു ശക്തിപകരാൻ ഇതു സഹായിക്കുമെന്നും മമത പറഞ്ഞു. കർഷകർക്കു പരമാവധി ഗുണം ലഭിക്കുന്ന മാതൃകാസംസ്ഥാനമായി ബംഗാളിനെ മാറ്റാൻ മമതയോട് അഭ്യർഥിച്ചതായി കൂടിക്കാഴ്ചയ്ക്കുശേഷം രാകേഷ് ടിക്കായത്ത് പ്രതികരിച്ചു.

ഇതിനിടെ, കർഷകരോഷം ശമിപ്പിക്കാൻ ബി.ജെ.പി.യും ജാഗ്രത തുടങ്ങി. മേയ് 16-ന് മുഖ്യമന്ത്രിയുടെ സന്ദർശനവേളയിൽ കർഷകരും പോലീസും തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടുള്ള കേസുകളെല്ലാം പിൻവലിക്കാനുള്ള ഹരിയാണ സർക്കാരിന്റെ തീരുമാനം ഇതിന്റെ തെളിവായി.