ന്യൂഡൽഹി: കാർഷികനിയമങ്ങൾ റദ്ദാക്കുന്നതുവരെ സമരത്തിൽനിന്ന്‌ പിന്മാറില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. ബി.ജെ.പി.ക്കെതിരേ പ്രചാരണവുമായി ബംഗാളിലേക്കുപോകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

തിങ്കളാഴ്ച വനിതാദിനം കർഷകപ്രക്ഷോഭകർ മഹിളാകർഷകദിനമായി ആചരിക്കും. കർഷകസമരത്തിന് നേതൃത്വംനൽകുകയും പ്രക്ഷോഭത്തിൽ പങ്കാളികളാവുകയുംചെയ്യുന്ന വനിതാകർഷകരോടുള്ള ആദരസൂചകമായിട്ടാണ് പരിപാടി.

കാർഷികനിയമങ്ങളിൽ ഭേദഗതികൊണ്ടുവരാൻ സർക്കാർ ഒരുക്കമാണെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമർ ആവർത്തിച്ചു. പ്രതിപക്ഷം രാഷ്ട്രീയംകളിക്കുകയാണെന്ന് അഗ്രിവിഷൻ ദേശീയ കൺവെൻഷനിൽ മന്ത്രി ആരോപിച്ചു.

കാർഷികനിയമങ്ങളിലെ പാളിച്ചകളെന്തെന്ന് ചൂണ്ടിക്കാട്ടാൻ ഇതുവരെ കർഷകസംഘടനകൾക്കായിട്ടില്ല. കൃഷിയിൽ കൂടുതൽ നിക്ഷേപവും കർഷകർക്ക് എവിടെയും വിൽക്കാനുള്ള സ്വാതന്ത്ര്യവും കൂടുതൽ വിലകിട്ടുന്ന ഉത്പന്നം കൃഷി ചെയ്യാനുള്ള സാഹചര്യവുമാണ് സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ, കാർഷിക സമ്പദ്‌വ്യവസ്ഥയെ അട്ടിമറിക്കാനാണ് പ്രതിപക്ഷശ്രമം. രാജ്യതാത്‌പര്യത്തിനുവിരുദ്ധമായ എതിർപ്പിനെ അംഗീകരിക്കാനാവില്ല -തോമർ പറഞ്ഞു.

Content Highlights: Rakesh Tikait Farmers Protest