ന്യൂഡൽഹി: കർഷകപ്രക്ഷോഭകരുമായി ചർച്ച പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ബി.ജെ.പി.ക്കുള്ളിലും ഈ ആവശ്യത്തിന്‌ ശക്തിയേറി. കർഷകരുമായി വീണ്ടും ചർച്ചയ്ക്കുതയ്യാറാവണമെന്നാവശ്യപ്പെട്ട് ഹരിയാണ ആഭ്യന്തരമന്ത്രി അനിൽ വിജ് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമറിന്‌ കത്തയച്ചു. ഹരിയാണയിൽ ബി.ജെ.പി. സർക്കാരിനെതിരേ ജനരോഷം ശക്തിപ്പെടുന്ന പശ്ചാത്തലത്തിൽക്കൂടിയാണ് ഈ ആവശ്യം.

കേന്ദ്രവുമായി ചർച്ചയ്ക്ക് കർഷകർ തയ്യാറാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. എന്നാൽ, കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽനിന്ന്‌ പിന്നോട്ടുപോവില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

കോവിഡ് വ്യാപനം കണക്കിലെടുത്ത് കർഷകർ സമരം നിർത്തിവെക്കണമെന്നും പുതിയ നിർദേശങ്ങളുമായി വന്നാൽ ചർച്ചയ്ക്കൊരുക്കമാണെന്നും കൃഷിമന്ത്രി തോമർ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ചർച്ചയ്ക്ക് ഒരുക്കമാണെന്ന് അറിയിച്ചെങ്കിലും സമരം നിർത്തിവെക്കണമെന്ന നിർദേശം കർഷകസംഘടനകൾ തള്ളി.

കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് കർഷകരുമായി ചർച്ച പുനരാരംഭിക്കണമെന്ന അനിൽ വിജിന്റെ നിർദേശം. കർഷകരുടെ സുരക്ഷയിൽ തനിക്ക് ആശങ്കയുണ്ടെന്ന് വിജ് കത്തിൽ പറഞ്ഞു. സമരമുഖത്തായതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിക്കാൻ കർഷകർക്കാകില്ല. അതിനാൽ, ചർച്ച പുനരാരംഭിക്കണം. പ്രശ്നം പരിഹരിച്ച് സമരം അവസാനിപ്പിക്കാൻ ശ്രമിക്കണമെന്നും വിജ് ആവശ്യപ്പെട്ടു.

അംബേദ്കർജയന്തി ദിനത്തിൽ ഹരിയാണയിലെ സൊണീപത് ജില്ലയിലെ ബദോലി ഗ്രാമത്തിലെത്തുന്ന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറെ തടയാൻ കർഷകസംഘടനകൾ തീരുമാനിച്ചു. ബുധനാഴ്ച അംബേദ്കർ ജയന്തി ദിനം ഭരണഘടനാ സംരക്ഷണ ദിനമായും കിസാൻ- ബഹുജൻ ഐക്യദിവസമായും കർഷകസംഘടനകൾ ആചരിക്കുമെന്ന് കിസാൻമോർച്ച അറിയിച്ചു.

Content Highlights: Rakesh Tiakit Farmers Protest