മുംബൈ : ചില രാഷ്ട്രങ്ങൾ അവരുടെ ഇടുങ്ങിയ പക്ഷപാത താത്‌പര്യങ്ങളാൽ, ആധിപത്യ പ്രവണതകൾ പ്രകടിപ്പിക്കുന്നതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മുംബൈ നാവിക ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർധിപ്പിക്കുന്ന ഐ.എൻ.എസ്. വിശാഖപട്ടണം യുദ്ധക്കപ്പൽ രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിലരാജ്യങ്ങൾ അന്താരാഷ്ട്രനിയമങ്ങളെ വളച്ചൊടിക്കുന്നുവെന്ന് രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി. ചൈനയുടെ പേരെടുത്തുപറയാതെയായിരുന്നു വിമർശനം. ഇന്ത്യ-പസഫിക് മേഖലയിലെ സമാധാനം ഇന്ത്യൻ നാവികസേനയുടെ ഉത്തരവാദിത്വമാണെന്നും സമാധാനമില്ലാതാക്കാൻ ചില രാജ്യങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐ.എൻ.എസ്. വിശാഖപട്ടണം കമ്മിഷൻ ചെയ്തതോടെ അത്യാധുനിക യുദ്ധക്കപ്പലുകൾ രൂപകല്പനചെയ്യാനും നിർമിക്കാനും കഴിവുള്ള പ്രമുഖ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സ്ഥാനംപിടിച്ചു. ഇന്ത്യയിൽ നിർമിക്കുന്ന ഏറ്റവുംവലിയ യുദ്ധക്കപ്പലുകളിൽ ഒന്നാണിത്. മിസൈൽ വേധ സ്റ്റെൽത്ത് ഗൈ‍ഡഡ് കപ്പലാണിത്. ഒട്ടേറെ ആയുധങ്ങളും സെൻസറുകളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.

സൂപ്പർസോണിക് ഉപരിതല-വായു മിസൈലുകൾ, ഹ്രസ്വദൂര തോക്കുകൾ, നൂതന ഇലക്‌ട്രോണിക് യുദ്ധോപകരണങ്ങൾ, അത്യാധുനിക ആശയവിനിമയ സംവിധാനങ്ങൾ എന്നിവയും കപ്പലിലുണ്ട്. ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ കരംബീർസിങ്, നിയുക്ത നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ എന്നിവർ പങ്കെടുത്തു.