ന്യൂഡൽഹി: സമുദ്രമേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ നാവികസേനയുടെ പങ്ക് പ്രധാനമാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. നാവികസേന കമാൻഡർമാരുടെ അഞ്ചുദിവസത്തെ വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശക്തമായ നാവികസേനയും സംവിധാനങ്ങളുമുള്ള രാജ്യങ്ങൾക്കുമാത്രമേ ലോകത്ത് മേധാവിത്വം സ്ഥാപിക്കാനാവൂ. ഇന്ത്യൻ നാവികസേന ഇക്കാര്യത്തിൽ മുൻപന്തിയിലാണ്. ആത്മനിർഭർ ഭാരതിൽ നാവികസേന വഹിക്കുന്ന പങ്കിനെയും മന്ത്രി പ്രകീർത്തിച്ചു. അഞ്ചുവർഷമായി നാവികസേനയുടെ നവീകരണത്തിന്റെ ഭാഗമായുള്ള സംഭരണത്തിൽ‍ മൂന്നിലൊന്നും തദ്ദേശീയമായിട്ടാണ്. 41 കപ്പലുകളും അന്തർവാഹിനികളും വാങ്ങിയതിൽ 39-ഉം ഇന്ത്യൻ നിർമിതിയായിരുന്നു. സേന കൈവരിച്ച ഈ ശക്തി നിലനിർത്തണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അയൽ രാജ്യങ്ങളിലെ മാറിയ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സാഹചര്യങ്ങൾ, നാവികസേനയുടെ ആയുധങ്ങൾ, ഉപകരണങ്ങൾ പ്രവർത്തനമികവ് എന്നിവയും സമ്മേളനത്തിൽ വിലയിരുത്തും. കര, നാവിക, വ്യോമസേനാ മേധാവികളും സംയുക്ത സേനാ മേധാവിയും കമാൻഡർമാരുമായി സംവദിക്കും.