കൊൽക്കത്ത: ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസിൽ ആരോപണവിധേയനായ പശ്ചിമബംഗാൾ സി.ഐ.ഡി. അഡീഷണൽ ഡയറക്ടർ ജനറൽ രാജീവ് കുമാറിനായി സി.ബി.ഐ. ഉദ്യോഗസ്ഥർ വ്യാഴാഴ്ച കൊൽക്കത്തയിൽ പരക്കെ തിരച്ചിൽ നടത്തി.
വെള്ളിയാഴ്ച രാവിലെ 11-ന് ഹാജരാകാനാവശ്യപ്പെട്ട് വീണ്ടും അദ്ദേഹത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. അലിപോരിലെ ഐ.പി.എസ്. ഓഫീസേഴ്സ് മെസ്, ഇ.എം. ബൈപ്പാസിലെ പഞ്ചനക്ഷത്രഹോട്ടൽ എന്നിവയുൾപ്പെടെ അഞ്ചിലേറെ സ്ഥലങ്ങളിലാണ് തിരച്ചിൽ നടത്തിയത്. കൊൽക്കത്ത മുൻ കമ്മിഷണറായ രാജീവ് കുമാറിനെ കണ്ടെത്താൻ ബംഗാൾ ഡി.ജി.പി.യുടെ സഹായവും അഭ്യർഥിച്ചു. എന്നാൽ, സെപ്റ്റംബർ 25 വരെ അദ്ദേഹം അവധിയിലാണെന്ന മറുപടിയാണ് ലഭിച്ചത്.
രാജീവ് കുമാറിനെ അറസ്റ്റുചെയ്യാൻ വാറന്റ് ആവശ്യപ്പെട്ട് സി.ബി.ഐ. വ്യാഴാഴ്ച കോടതിയെ സമീപിച്ചിരുന്നു. അന്വേഷണത്തിൽ അദ്ദേഹം സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ. അഭിഭാഷകൻ അലിപോർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (എ.സി.ജെ.എം.) കോടതിയിൽ പറഞ്ഞു. രാജീവ് കുമാർ സാക്ഷിയാണ്, പ്രതിയല്ലെന്നും അതിനാൽ കേസിൽ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കാൻ കോടതിക്ക് കഴിയില്ലെന്നും അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
2500 കോടി രൂപയുടെ ശാരദ ചിട്ടിഫണ്ട് തട്ടിപ്പിൽ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കുമാർ. നിർണായക തെളിവുകൾ അദ്ദേഹം നശിപ്പിച്ചുവെന്നാണ് സി.ബി.ഐ. ആരോപണം. അറസ്റ്റിൽനിന്ന് സംരക്ഷണം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ അദ്ദേഹം ഒളിവിലാണ്.
Content Highlights: Rajiv Kumar West Bengal CBI