ചെന്നൈ: രാജീവ്ഗാന്ധി വധക്കേസ് പ്രതികളുടെ ജയിൽമോചനമാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഇതേ കേസിൽ ശിക്ഷയനുഭവിക്കുന്ന നളിനിയാണ് ഹർജി സമർപ്പിച്ചത്. കേസിൽ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന ഏഴുപേരെ വിട്ടയയ്ക്കാൻ തമിഴ്‌നാട് സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും ഇതിൽ നടപടിയെടുക്കാൻ ഗവർണറോട് നിർദേശിക്കണമെന്നുമാണ് നളിനി ഹർജിയിൽ ആവശ്യപ്പെട്ടത്.

ഇതിൽ വ്യാഴാഴ്ച വാദംകേട്ട ജസ്റ്റിസ് ആർ. സുബയ്യ, ജസ്റ്റിസ് സി. ശരവണൻ എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളുകയായിരുന്നു.

നേരത്തേത്തന്നെ മന്ത്രിസഭ ഗവർണർക്കുമുന്നിൽ ഈയാവശ്യം മുന്നോട്ടുവെച്ചിരിക്കുന്നതിനാൽ വീണ്ടും പരിഗണിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. മകളുടെ വിവാഹാവശ്യത്തിനായി നളിനി ഇപ്പോൾ പരോളിലാണ്. 1991 മേയ് 21-നാണ് തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി ശ്രീപെരുംപുത്തൂരിൽ ബോംബുസ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.

Content Highlights: rajiv gandhi assassination