ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്ത് രണ്ടുമാസത്തിനകം രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപിച്ചേക്കും. ഏപ്രിൽ 14-നുശേഷം പാർട്ടിപ്രഖ്യാപനമുണ്ടാവുമെന്ന് രജനീകാന്തുമായി അടുത്ത ബന്ധമുള്ളവർ സൂചിപ്പിച്ചു. പാർട്ടിയുടെ പേരും അപ്പോൾ പ്രഖ്യാപിക്കുമെന്ന് രജനീകാന്തിന്റെ സുഹൃത്തും രാഷ്ട്രീയ ഉപദേശകനുമായ തമിഴരുവി മണിയൻ പറഞ്ഞു. എ.ഐ.എ.ഡി.എം.കെ.യിൽനിന്ന് ചില പ്രധാന നേതാക്കൾ രജനിക്കൊപ്പം എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പട്ടാളി മക്കൾ കക്ഷി(പി.എം.കെ.) ഉൾപ്പെടെയുള്ള പാർട്ടികളുമായി അടുപ്പമുണ്ടാക്കി മഹാസഖ്യമുണ്ടാക്കാൻ രജനി ശ്രമിക്കുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പാർട്ടിയുടെ ആദ്യസമ്മേളനം ഈവർഷം ഒാഗസ്റ്റിലും സംസ്ഥാന ജാഥ സെപ്റ്റംബറിലും നടത്തുമെന്നാണ് സൂചന.

ബി.ജെ.പി. രജനിയുടെ സഖ്യത്തിലുണ്ടാകുമോ എന്ന് വ്യക്തമല്ല. പക്ഷേ, ബി.ജെ.പി.യുടെ പരോക്ഷപിന്തുണ ലഭിച്ചേക്കുമെന്നു സൂചനയുണ്ട്. ആത്മീയരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന രജനിയുടെ നിലപാട് ബി.ജെ.പി.ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ആർ.എസ്.എസ്. നേതാവും തുഗ്ലക്ക് പത്രാധിപരുമായ എസ്. ഗുരുമൂർത്തി രജനീകാന്തിന്റെ അടുത്ത സുഹൃത്താണ്. ഗുരുമൂർത്തിയുമായുള്ള ബന്ധംവെച്ച് രജനിക്ക് നിലവിൽ ബി.ജെ.പി.യുമായി അകൽച്ചയില്ല. 2021-ൽ തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനം മറ്റുപാർട്ടികൾ ഏറെ ഗൗരവത്തോടെയാണ് ഉറ്റുനോക്കുന്നത്.

രാഷ്ട്രീയത്തിൽ വരുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചത് 2017 ഡിസംബറിലാണ്. അതിനുശേഷം പലതവണ രജനി പാർട്ടി പ്രഖ്യാപിക്കുമെന്ന് പ്രചാരണമുണ്ടായെങ്കിലും ഒളിച്ചുകളി തുടർന്നു. ഡോ. രാമദാസിന്റെ നേതൃത്വത്തിലുള്ള പി.എം.കെ. പിടിവള്ളിയില്ലാതെ നിൽക്കുകയാണിപ്പോൾ. അതിനാൽ രജനിയുമായി പി.എം.കെ. അടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. രാഷ്ട്രീയത്തിൽ സഹകരിക്കാൻ തയ്യാറാണെന്ന് അടുത്തിടെ രജനിയും മക്കൾ നീതിമയ്യം നേതാവ് കമൽഹാസനും ചെന്നൈയിലെ ചടങ്ങിൽ വ്യക്തമാക്കിയിരുന്നു. രജനിയുടെ നിറം കാവിയാണെങ്കിൽ രാഷ്ട്രീയസഖ്യം ഒരിക്കലും സാധ്യമാകില്ലെന്ന് കമൽ നേരത്തേ പറഞ്ഞിരുന്നുവെങ്കിലും ഭാവിയിൽ നിലപാടുകൾ മാറിമറിഞ്ഞുകൂടെന്നില്ലെന്ന് രാഷ്ട്രീയനിരീക്ഷകർ കരുതുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിലവിൽ ശക്തരായ നേതാക്കളുടെ അഭാവമുണ്ട്. ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിന് പ്രാദേശികനേതാവ് എന്നതിൽക്കവിഞ്ഞ് വളരാനായിട്ടില്ല. എ.ഐ.എ.ഡി.എം.കെ.യിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെയും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെയും രണ്ടു ഗ്രൂപ്പുകളുണ്ട്. ഈ സാഹചര്യത്തിൽ രജനിക്ക്‌ രാഷ്ട്രീയത്തിൽ കടന്നുവരാൻ പറ്റിയ കാലാവസ്ഥയാണിതെന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്.

content highlights; rajinikanth may announce the political party within two months