ചെന്നൈ: നടൻ രജനീകാന്തിന്റെ ആരോഗ്യനില മോശമായെന്ന് അഭ്യൂഹം. എന്നാൽ, അദ്ദേഹത്തിന് ഒരു പ്രശ്നവുമില്ലെന്നും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും രജനിയുടെ പി.ആർ.ഒ. റിയാസ് അറിയിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ എട്ടുമാസത്തോളമായി രജനി വീടിന് പുറത്തിറങ്ങുന്നത് വളരെ ചുരുക്കമായിരുന്നു. പനിബാധിച്ചെന്നും ഇതോടെ ആരോഗ്യനില മോശമായെന്നുമായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ചെന്നൈയുടെ പ്രാന്തപ്രദേശത്തിലുള്ള ഫാം ഹൗസിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും അഭ്യൂഹം പടർന്നു.
രജനീകാന്ത് പോയസ് ഗാർഡനിലുള്ള വീട്ടിലുണ്ടെന്നും ഒരു ആരോഗ്യ പ്രശ്നവുമില്ലെന്നും വ്യക്തമാക്കിയ പി.ആർ.ഒ. സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി. രജനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അതിനാൽ രാഷ്ട്രീയപ്രവേശം ഉപേക്ഷിക്കുകയാണെന്നും കുറച്ചുനാൾമുമ്പ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രജനിയുടേത് എന്നുപറയപ്പെടുന്ന ഒരു കത്തും പ്രചരിച്ചു. കത്ത് താൻ എഴുതിയതല്ലെന്നും എന്നാൽ, അതിൽ പറയുന്നതുപോലെ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പിന്നീട് രജനിതന്നെ വെളിപ്പെടുത്തി.
വർഷങ്ങൾക്കുമുമ്പ് വൃക്ക മാറ്റിവെക്കലിന് വിധേയനായതിനെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളും പ്രായത്തിന്റേതായ പ്രശ്നങ്ങളുമുണ്ടെന്നായിരുന്നു അന്ന് സമ്മതിച്ചത്. രാഷ്ട്രീയപ്രവേശം സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച ചെന്നൈയിൽ എത്തിയപ്പോൾ രജനിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ടായിരുന്നു. പക്ഷേ, ഇരുവരും തമ്മിൽ കണ്ടില്ല. രജനിയുടെ ആരോഗ്യം മോശമായതിനാലാണ് കൂടിക്കാഴ്ച ഉപേക്ഷിച്ചതെന്നാണ് അഭ്യൂഹം.
Content Highlights: Rajinikanth Chennai