ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാട് ആവർത്തിച്ച് രജനീകാന്ത്. നിർബന്ധിച്ച് വേദനിപ്പിക്കരുതെന്നും ആരാധകരോട് അഭ്യർഥിച്ചു. രാഷ്ട്രീയപ്രവേശത്തിൽനിന്ന് പിൻമാറാനുള്ള തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം ആരാധകർ സമരം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് രജനി ഒരിക്കൽക്കൂടി നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയം വേണ്ടെന്ന് വെക്കാനുള്ള കാരണം ഇതിനകം വിശദീകരിച്ചുണ്ടെന്നും തന്റെ മനസ്സുമാറ്റാൻ ഇനിയും ഇത്തരം സമ്മേളനങ്ങൾ നടത്തി വീണ്ടും വീണ്ടും വേദനിപ്പിക്കരുതെന്നും ട്വിറ്റർ മുഖേന പുറത്തുവിട്ട പ്രസ്താവനയിൽ അഭ്യർഥിച്ചു.

രജനി മക്കൾ മൻട്രത്തിൽനിന്ന് പുറത്താക്കിയവരും ഒരു വിഭാഗം ആരാധകരും ചേർന്നാണ് ചെന്നൈയിൽ കഴിഞ്ഞദിവസം സമ്മേളനം നടത്തിയതെന്ന് വിശദീകരിച്ച രജനി ഇതിൽ പങ്കെടുക്കാതിരുന്ന ആരാധകരോട് നന്ദി അറിയിച്ചു. സമാധാനപരമായും അച്ചടക്കത്തോടും ഒന്നിച്ച് കൂടിയതിനെ അഭിനന്ദിച്ചുവെങ്കിലും രജനി മക്കൾ മൻട്രം നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചതിലുള്ള അതൃപ്തിയും രജനി പ്രസ്താവനയിൽ വ്യക്തമാക്കി.

രജനി രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ചയാണ് ആരാധകർ ചെന്നൈ വള്ളുവർക്കോട്ടത്തിൽ ഒത്തുകൂടിയത്. സ്വന്തം പാർട്ടിയുണ്ടാക്കി രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് രജനിയോട് ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങളുമായി അയ്യായിരത്തോളം പേരാണ് ശക്തിപ്രകടനം നടത്തിയത്. തങ്ങളുടെ ആവശ്യം പരിഗണിച്ച് രജനി തീരുമാനം മാറ്റുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാൽ അതുണ്ടാകില്ലെന്ന് രജനി ഒരിക്കൽ കൂടി വ്യക്തമാക്കുകയായിരുന്നു.

ജനുവരിയിൽ പാർട്ടി ആരംഭിക്കാനായിരുന്നു രജനീകാന്തിന്റെ നീക്കം. എന്നാൽ കോവിഡ് വ്യാപനം തുടരുന്നത് ചൂണ്ടിക്കാട്ടി ഡോക്ടർമാർ നൽകിയ നിർദേശത്തെത്തുടർന്ന് രജനി രാഷ്ട്രീയ പ്രവേശം ഉപേക്ഷിക്കുകയായിരുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങാതെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുമെന്നാണ് പ്രഖ്യാപനം. രാഷ്ട്രീയ പാർട്ടി രൂപവത്കരണത്തിന്റെ ഭാഗമായി ആരാധക സംഘടനയുടെ പേര് മാറ്റി ആരംഭിച്ച രജനി മക്കൾ മൻട്രം സാമൂഹിക പ്രവർത്തനത്തിൽ സജീവമാണ്.