ചെന്നൈ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കാൻ ഒരുങ്ങുന്ന നടൻ രജനീകാന്ത്.

നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയെയും പിന്തുണയ്ക്കാനും ഉദ്ദേശിക്കുന്നില്ല-അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു. എന്നാൽ തമിഴ്‌നാട്ടിലെ മുഖ്യവിഷയമായ ജലക്ഷാമം ശാശ്വതമായി പരിഹരിക്കുന്നതിന് പദ്ധതി നടപ്പാക്കുമെന്ന് ഉറപ്പുള്ള പാർട്ടിക്ക് വോട്ട് ചെയ്യാൻ രജനി ആരാധകരോട് ആഹ്വാനം ചെയ്തു. ആരാധക സംഘടനയായ രജനി രസികർ മൻഡ്രം, പാർട്ടി രൂപവത്കരണത്തിന്റെ ഭാഗമായി രൂപംകൊടുത്ത രജനി മക്കൾ മൻഡ്രം എന്നിവയുടെപേരിൽ തന്റെ ചിത്രമോ, സംഘടനകളുടെ കൊടിയോ ഏതെങ്കിലും പാർട്ടികളുടെ പ്രചാരണത്തിനായി ഉപയോഗിക്കാൻ പാടില്ലെന്നും വ്യക്തമാക്കി. 2017 ഡിസംബർ 31-നാണ് രജനീകാന്ത് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചത്. രജനീകാന്തിനെ പോലെ 2017-ൽ രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച കമൽഹാസൻ കഴിഞ്ഞവർഷം മക്കൾ നീതി മയ്യം എന്ന പേരിൽ പുതിയ കക്ഷിക്ക് രൂപം നൽകി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാൻ ഒരുങ്ങുകയാണ് കമലിന്റെ പാർട്ടി.

ഗോദയിൽ ഇറങ്ങിയിട്ട് പിന്മാറ്റം ശരിയല്ല- കമൽ

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന രജനീകാന്തിന്റെ നിലപാടിനെ വിമർശിച്ച് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ. മീശപിരിച്ച് ഗോദയിൽ ഇറങ്ങിയതിനുശേഷം പോരാട്ടം പിന്നെയാകാമെന്ന് പറയുന്നത് ശരിയല്ലെന്ന് രജനീകാന്തിന്റെ നിലപാടിനെ സൂചിപ്പിച്ച്‌ കമൽ പ്രതികരിച്ചു. ഇലയിട്ടതിനുശേഷം ഭക്ഷണം ഇപ്പോൾ വേണ്ടെന്ന് പറഞ്ഞാൽ പിന്നെ എന്തിനാണ് പന്തിയിലിരുന്നതെന്ന ചോദ്യമുണ്ടാകുമെന്നും ചെന്നൈയിലെ ഒരു കോളേജിൽനടന്ന സംവാദപരിപാടിക്കിടെ കമൽ പറഞ്ഞു.

content highlights: Rajinikanth Announces He Won’t Contest Lok Sabha Elections