ചെന്നൈ: രക്തസമ്മർദം ഉയർന്നതിനെത്തുടർന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനീകാന്തിന് പൂർണവിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.

രക്തസമ്മർദത്തിലെ വ്യതിയാനത്തെത്തുടർന്ന് ക്രിസ്മസ്ദിനത്തിലാണ് 70-കാരനായ രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദം സാധാരണനിലയിലായിട്ടില്ലെങ്കിലും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നാണ് ആശുപത്രിയിൽനിന്ന് ലഭിക്കുന്ന വിവരം. സന്ദർശകരെ അനുവദിക്കുന്നില്ല. പരിശോധനകൾക്കുശേഷം ഡിസ്ചാർജ് ചെയ്യുന്ന കാര്യം ഞായറാഴ്ച രാവിലെ തീരുമാനിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

പുതിയ സിനിമയായ ‘അണ്ണാത്തെ’യുടെ ചിത്രീകരണത്തിനായി ഡിസംബർ രണ്ടാംവാരമാണ് രജനീകാന്ത് ഹൈദരാബാദിലെത്തിയത്. എന്നാൽ, ഷൂട്ടിങ് സംഘത്തിലെ എട്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചിത്രീകരണം നിർത്തിവെച്ചു. പരിശോധനയിൽ കോവിഡ് നെഗറ്റീവായെങ്കിലും രജനി താമസസ്ഥലത്ത് സമ്പർക്കവിലക്കിൽ കഴിയുകയായിരുന്നു. അതിനിടെയാണ് താരം ആശുപത്രിയിലായത്.

content highlights: rajinikanth admitted to hospital