ജയ്‌പുർ/ഹൈദരാബാദ്: അടുത്തവർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ സൈമിഫൈനലെന്നു വിശേഷിപ്പിക്കപ്പെട്ട സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ വെള്ളിയാഴ്ച അവസാനിക്കും. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും മിസോറമിലും നേരത്തേ വോട്ടെടുപ്പ് നടന്നപ്പോൾ രാജസ്ഥാനും തെലങ്കാനയും വെള്ളിയാഴ്ച പോളിങ് ബൂത്തിലെത്തും. ഡിസംബർ 11-നാണ്‌ വോട്ടെണ്ണൽ.

20 വർഷത്തിനിടെ ഒരുതവണപോലും ഒരു പാർട്ടിയെ തുടർച്ചയായി അധികാരത്തിലെത്തിക്കാത്ത രാജസ്ഥാനിൽ ഭരണകക്ഷിയായ ബി.ജെ.പി.യും പ്രതിപക്ഷമായ കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. അതേസമയം, തുടർച്ചയായ രണ്ടാംതവണയും അധികാരത്തിലെത്താൻ കാത്തിരിക്കുന്ന തെലങ്കാന രാഷ്ട്രസമിതി(ടി.ആർ.എസ്.)ക്ക്‌ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പീപ്പിൾസ് ഫ്രണ്ടാണ്‌ വെല്ലുവിളിയുയർത്തുന്നത്. രാജസ്ഥാനിൽ 200-ൽ 199 സീറ്റുകളിലും തെലങ്കാനയിൽ ആകെയുള്ള 119 സീറ്റിലുമാണ്‌ തിരഞ്ഞെടുപ്പ്. രാജസ്ഥാനിലെ രാംഗഢ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ബി.എസ്.പി. സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന്‌ മാറ്റിവെച്ചിരുന്നു.

രാജസ്ഥാനിൽ കഴിഞ്ഞതവണ 163 സീറ്റുകളുമായാണ്‌ ബി.ജെ.പി. അധികാരത്തിലെത്തിയത്. കോൺഗ്രസിന് 21 സീറ്റ് മാത്രമാണ്‌ ലഭിച്ചത്. അതേസമയം, തെലങ്കാനയിൽ ടി.ആർ.എസ്. 63 സീറ്റുമായാണ്‌ സംസ്ഥാനത്തെ ആദ്യ സർക്കാർ രൂപവത്കരിച്ചത്. കോൺഗ്രസിന് 21 സീറ്റും ടി.ഡി.പി.ക്ക് 15 സീറ്റുമാണ്‌ ലഭിച്ചത്. എന്നാൽ, കാലാവധി തികയാൻ എട്ടുമാസം ബാക്കിയിരിക്കേ നിയമസഭ പിരിച്ചുവിട്ടപ്പോൾ കുറുമാറ്റത്തിലൂടെയും മറ്റും ടി.ആർ.എസിന് 90 സീറ്റുണ്ടായിരുന്നു.

രാജസ്ഥാനിൽ 2274 സ്ഥാനാർഥികളുടെ വിധി 4.74 കോടി ജനങ്ങൾ തീരുമാനിക്കും. തെലങ്കാനയിൽ 1821 സ്ഥാനാർഥികളുടെ വിധിയെഴുതുക 2.8 കോടി ജനങ്ങളാണ്.

രാജസ്ഥാനിൽ രാവിലെ എട്ടുമണിക്ക്‌ പോളിങ് ആരംഭിക്കുമ്പോൾ, തെലങ്കാനയിലിത് ഏഴുമണിക്കാണ്. തെലങ്കാനയിലെ മാവോവാദിപ്രവർത്തനം ഊർജിതമായ 13 മണ്ഡലങ്ങളിൽ വൈകീട്ട് നാലുമണിക്ക് പോളിങ് അവസാനിക്കുമ്പോൾ ബാക്കിയുള്ള മണ്ഡലങ്ങളിൽ അഞ്ചുമണിവരെയുണ്ട്. മാവോവാദികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരണാഹ്വാനം മുഴക്കിയിട്ടുള്ളതിനാൽ ഛത്തീസ്ഗഢിന്റെയും മഹാരാഷ്ട്രയുടെയും അതിർത്തികളിൽ ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.