ന്യൂഡൽഹി: രാജസ്ഥാനിലെ അശോക് ഗഹ്‌ലോത് സർക്കാരിനെ പ്രതിസന്ധിയിലാക്കി 18 എം.എൽ.എ.മാരുമായി ജയ്‍പുർ വിട്ട വിമത നേതാവ് സച്ചിൻ പൈലറ്റ് കലാപം നിർത്തി തിരിച്ചുവന്നതോടെ കോൺഗ്രസ് ആത്മവിശ്വാസത്തിൽ. ഓഗസ്റ്റ് 14-ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ സർക്കാർ വിശ്വാസവോട്ട് തേടുമെന്നും ഭൂരിപക്ഷം തെളിയിക്കുമെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ‘മാതൃഭൂമി’യോടു പറഞ്ഞു.
മുഖ്യമന്ത്രിസ്ഥാനം കൊതിച്ച് കലഹം അഴിച്ചുവിട്ട പൈലറ്റ്, സർക്കാരിനെ അട്ടിമറിക്കാനുള്ള എം.എൽ.എ.മാരെ തന്റെ പക്ഷത്തെത്തിക്കാൻ പറ്റാതെ കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നതോടെ തിരിച്ചടികിട്ടിയത് ബി.ജെ.പി.ക്കു കൂടിയാണ്. പൈലറ്റ് വഴി ഏഴു ശതമാനത്തോളംവരുന്ന ഗുജ്ജറുകളുടെ വോട്ടുകൾകൂടി പെട്ടിയിലാക്കുക, വസുന്ധര രാജയുടെ ബി.ജെ.പി.യിലെ വലിയ സ്വാധീനത്തിന് തടയിടുക തുടങ്ങിയ ലക്ഷ്യങ്ങളും ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ സതീഷ് പൂനിയയും കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തും മുന്നിൽക്കണ്ടിരുന്നു. എന്നാൽ, പൈലറ്റ് ഭൂരിപക്ഷത്തിനുള്ള എം.എൽ.എ.മാരുമായി വന്നാലും മുഖ്യമന്ത്രിപദവി വിട്ടുനൽകാനാവില്ലെന്ന നിലപാട് 45 എം.എൽ.എ.മാരുടെ പിന്തുണയുള്ള വസുന്ധരരാജ തുടക്കംമുതൽ സ്വീകരിച്ചു.
ഇതോടെ ബി.ജെ.പി.യിൽ പോയാലും മുഖ്യമന്ത്രിസ്ഥാനം ഉറപ്പല്ലെന്ന തിരിച്ചറിവ് പൈലറ്റിനുണ്ടായി. പൈലറ്റ് വന്നാൽ തങ്ങളുടെ പാളയത്തിലാവും അടുത്ത പൊട്ടിത്തെറി എന്നതിനാൽ ബി.ജെ.പി.യും സമ്മർദം കുറച്ചു.
ബി.ജെ.പി.യിലേക്കില്ലെന്ന പൈലറ്റിന്റെ തുറന്ന പ്രസ്താവന മറയാക്കി അദ്ദേഹത്തെ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ പ്രിയങ്കാഗാന്ധി മുന്നിട്ടിറങ്ങിയത് ഈ പശ്ചാത്തലത്തിലാണ്. രാഹുൽഗാന്ധിയുമായി തിങ്കളാഴ്ച നടന്ന അനുരഞ്ജന ചർച്ചയിൽ പാർട്ടി വിടുകയെന്ന ഉദ്ദേശ്യത്തിലല്ല താൻ പോയതെന്നും താനും കൂടെയുള്ള എം.എൽ.എ.മാരും അനുഭവിക്കുന്ന അവഗണന അവസാനിപ്പിക്കാനാണെന്നുമാണ് പൈലറ്റ് അറിയിച്ചത്. തന്റെ പ്രശ്നങ്ങൾ ശ്രദ്ധിച്ച സോണിയാഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും രാഹുൽഗാന്ധിക്കും നന്ദിപറഞ്ഞ് പിന്നീടിട്ട ട്വിറ്റർ സന്ദേശത്തിൽ, ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാനും നല്ല ഇന്ത്യക്കായും രാജസ്ഥാനിലെ ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനങ്ങൾ പാലിക്കാനും പ്രവർത്തിക്കുമെന്നും പൈലറ്റ് പ്രസ്താവിച്ചു.
ബി.ജെ.പി.യുടെ ഗൂഢാലോചനയിൽ കുരുങ്ങിയവനെന്നും ഒന്നിനും കൊള്ളാത്തവനെന്നുമൊക്കെ പൈലറ്റിനെ പരസ്യമായി ആക്ഷേപിച്ച ഗഹ്‌ലോതിന്, യുവനേതാവിന്റെ തിരിച്ചുവരവിൽ അസ്വസ്ഥതയുണ്ട്. ഗഹ്‌ലോത് പക്ഷത്തെ എം.എൽ.എ.മാർ പൈലറ്റിനെ തിരിച്ചെടുക്കരുതെന്നാവശ്യപ്പെടുന്നത് ഇതിനാൽക്കൂടിയാണ്. എങ്കിലും രാഹുലും പ്രിയങ്കയും ഇടപെട്ട സംഭവത്തിൽ പരസ്യമായ എതിർപ്പിന് അദ്ദേഹം മുതിരില്ലെന്നുതന്നെയാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്.