ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭാസമ്മേളനം ഓഗസ്റ്റ് 14-ന് ചേരാനിരിക്കെ വിമത നേതാവ് സച്ചിൻ പൈലറ്റ് കോൺഗ്രസ് നേതൃത്വവുമായി അനുരഞ്ജനത്തിന്. തിങ്കളാഴ്ച ഉച്ചയോടെ രാഹുൽഗാന്ധിയെ കണ്ട് ചർച്ച നടത്തിയ സച്ചിൻ കോൺഗ്രസിന്റെയും രാജസ്ഥാൻ സർക്കാരിന്റെയും താത്‌പര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ തയ്യാറാണെന്നറിയിച്ചതായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.
പൈലറ്റും കൂടെയുള്ള 18 എം.എൽ.എ.മാരും ഉയർത്തിയ പ്രശ്നങ്ങൾ മനസ്സിലാക്കാനും ഉചിതമായ പരിഹാരം കണ്ടെത്താനും മൂന്നംഗസമിതിയെ നിയമിക്കാൻ എ.ഐ.സി.സി.ക്ക് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞമാസം 18 എം.എൽ.എ.മാർക്കൊപ്പം വിമതനീക്കം തുടങ്ങിയശേഷം ആദ്യമായാണ് പൈലറ്റ് രാഹുലിനെ കാണുന്നത്. രാഹുൽ ഒരിക്കൽ പൈലറ്റിനെ വിളിച്ചിരുന്നെങ്കിലും ഗെഹ്‌ലോതിനെ മാറ്റണമെന്ന വാശിയിലായിരുന്നു അദ്ദേഹം. രണ്ടാഴ്ചമുമ്പ് പ്രിയങ്കാ ഗാന്ധി നേരിട്ടുകണ്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രാഹുലുമായുള്ള കൂടിക്കാഴ്ച നടന്നത്. തന്റെ പ്രശ്നങ്ങൾ മുഴുവനായി രാഹുലിനു മുന്നിൽ പൈലറ്റ് വിവരിച്ചു. സംസാരം തുറന്നതും ഫലപ്രദവുമായിരുന്നുവെന്ന് വേണുഗോപാൽ പറഞ്ഞു. പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനവും പി.സി.സി. അധ്യക്ഷസ്ഥാനവും കോൺഗ്രസ് തിരികെ നൽകുമെന്നാണറിയുന്നത്.
കേവലഭൂരിപക്ഷത്തെക്കാൾ ഒരു എം.എൽ.എ.യുടെ അധിക പിന്തുണ മാത്രമാണ് (102) മുഖ്യമന്ത്രി അശോക് ഗഹ്‌ലോതിനിപ്പോൾ ഉള്ളത്. ഞായറാഴ്ച രാത്രി എം.എൽ.എ.മാർ താമസിക്കുന്ന ജയ്‌സാൽമീറിലെ ഹോട്ടലിൽ നടന്ന നിയമസഭാ കക്ഷി യോഗത്തിൽ, നേർത്ത ഭൂരിപക്ഷം മാത്രമുള്ളതിനാൽ വിമതരെ തിരികെ കൊണ്ടുവരണമെന്ന് ചില എം.എൽ.എ.മാർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഒരു കാരണവശാലും ഇവരെ തിരികെയെടുക്കരുതെന്ന നിലപാടാണ് ഭൂരിപക്ഷവും പ്രകടിപ്പിച്ചത്. പാർട്ടിയെ ഒറ്റിയവരെ തിരികെവരാൻ അനുവദിക്കരുതെന്ന് മന്ത്രി ശാന്തി ധരിവാൾ പ്രസ്താവിച്ചു. ഭൂരിപക്ഷം പേരും ഇതിനെ പിന്തുണച്ചു. പൈലറ്റ് ഉൾപ്പെടെ 19 എം.എൽ.എ.മാർ പോയാൽ ലഭിച്ചേക്കാവുന്ന സ്ഥാനമാനങ്ങളും മന്ത്രിപദവിയും നഷ്ടപ്പെടുമെന്ന ചിന്തയാണ് എം.എൽ.എ.മാരുടെ നിലപാടിന് പിന്നിലെന്ന് ശ്രുതിയുണ്ട്.
ജനങ്ങളുടെ വിധിയാണ് എല്ലാറ്റിനും മുകളിലെന്നും അതിനാൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അശോക് ഗെഹ്‌ലോത് എം.എൽ.എ.മാരോട് ആവശ്യപ്പെട്ടു. എം.എൽ.എ.മാരെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമം തുടങ്ങി.
Content Highlights: Rajasthan Congress