ന്യൂഡൽഹി: വെള്ളിയാഴ്ച നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ ഒരു വോട്ടുപോലും നഷ്ടമാവില്ലെന്ന ആത്മവിശ്വാസത്തിൽ കോൺഗ്രസ്. വെള്ളിയാഴ്ച രാത്രി ജയ്‌പുരിൽ എം.എൽ.എ.മാരെ പാർപ്പിച്ച റിസോർട്ടിൽ നടന്ന നിയമസഭാകക്ഷി യോഗത്തിൽ 111 പേർ പങ്കെടുത്തു. ഒമ്പതുപേർ അസൗകര്യം അറിയിച്ചു. ഇതിൽ മൂന്നുപേർ ആശുപത്രിയിലും ബാക്കി ആറുപേർ വ്യക്തമായ കാരണങ്ങളാലുമാണ് എത്താതിരുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്, ഉപമുഖ്യമന്ത്രിയും പി.സി.സി. അധ്യക്ഷനുമായ സച്ചിൻ പൈലറ്റ്, രാജ്യസഭാ സ്ഥാനാർഥികളായ കെ.സി. വേണുഗോപാൽ, നീരജ് ദാംഗി, സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ കേന്ദ്ര നേതാവ് രൺദീപ് സിങ് സുർജേവാല, നിരീക്ഷകൻ ഛത്തീസ്ഗഢ് മന്ത്രി ടി.എസ്. സിങ് ദിയോ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

റിസോർട്ടിൽ എം.എൽ.എ.മാർക്കൊപ്പം അശോക് ഗഹ്‌ലോതും സച്ചിൻ പൈലറ്റുമടക്കം താമസിക്കുന്നുണ്ട്. രൺദീപ് സിങ് സുർജേവാലയും ഇവിടെ തുടരുകയാണ്.

രാവിലെമുതൽ മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും നടത്തിയ മാരത്തൺ ചർച്ചകൾക്കുശേഷം ശനിയാഴ്ച രാത്രിയോടെ കെ.സി. വേണുഗോപാൽ ഡൽഹിയിലേക്ക് മടങ്ങി. ഒരു വോട്ടുപോലും രാജസ്ഥാനിൽ കുറയില്ലെന്ന് കെ.സി. വേണുഗോപാൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രാജസ്ഥാനിലെ 200 അംഗ നിയമസഭയിൽ ബി.എസ്.പി.യിൽനിന്ന് കഴിഞ്ഞവർഷം മറുകണ്ടം ചാടിയ ആറു പേരുൾപ്പെടെ കോൺഗ്രസിന് 107 എം.എൽ.എ.മാരാണുള്ളത്. 13 സ്വതന്ത്രരും പിന്തുണയ്ക്കുന്നു. ഈ കണക്കുവെച്ച് ഒഴിവുള്ള മൂന്നു രാജ്യസഭാ സീറ്റിൽ രണ്ടെണ്ണം കോൺഗ്രസിന് ലഭിക്കും. രാജേന്ദ്ര ഗഹ്‌ലോതും ഓംകാർ സിങ് ലഗാവാതുമാണ് ബി.ജെ.പി. സ്ഥാനാർഥികൾ.

പ്രതിപക്ഷനേതാക്കളുടെ ഫോൺ ചോർത്തുന്നെന്ന് ബി.ജെ.പി.

ജയ്‌പുർ: രാജസ്ഥാനിൽ ബി.ജെ.പി. നേതാക്കളുടെ ഫോൺ സംഭാഷണം സംസ്ഥാനസർക്കാർ ചോർത്തുന്നതായി പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര റാഥോഡ് ആരോപിച്ചു. എം.എൽ.എ.മാരെ കൂറുമാറ്റുന്നതിനായി പണം വിതരണം ചെയ്യുന്നെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനു പിന്നാലെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളുടെ ഫോൺകോളുകൾ ചോർത്തുകയാണ് സർക്കാരെന്ന് റാഥോഡ് പറഞ്ഞു.

Content Highlights: Rajastan Congress