ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്ത് രാഷ്ട്രീയത്തിലേക്കു കടന്നുവരുന്നതിൽ ഉരുണ്ടുകളി തുടരുമ്പോൾ നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചൂടുള്ള ചർച്ചയാകുന്നു. വിജയ്‌യുടെ അച്ഛൻ എസ്.എ. ചന്ദ്രശേഖറാണ് താനും മകനും എപ്പോൾ വേണമെങ്കിലും രാഷ്ട്രീയത്തിൽ വരുമെന്ന് സൂചന നൽകിയത്.

‘‘ജനങ്ങൾ ആവശ്യപ്പെടുമ്പോൾ, അവർ സ്നേഹത്തോടെ വിളിക്കുമ്പോൾ രാഷ്ട്രീയത്തിൽ വരും. താൻ മകന്റെ കൈയും പിടിച്ച് ബി.ജെ.പിയിലേക്ക് പോകുകയാണ് എന്ന വാർത്തകൾ പൂർണമായി തെറ്റാണ്. വ്യാജ അക്കൗണ്ടുകളിൽനിന്ന് ആളുകൾ എഴുതിവിടുന്നതാണ് ഇത്തരം അനാവശ്യ കാര്യങ്ങൾ’’- വിജയ്‌യുടെ ആരാധക സംഘടനയായ വിജയ് ഫാൻസ് അസോസിയേഷൻ രാഷ്ടീയപ്പാർട്ടിയാക്കി മാറ്റുമെന്ന സൂചനയാണ് ചന്ദ്രശേഖർ നൽകുന്നത്.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ചർച്ചയാവുന്നത് ഇതാദ്യമല്ല. അടുത്തിടെ താരത്തിന്റെ ജന്മദിനത്തിൽ അദ്ദേഹം തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി എന്ന രീതിയിൽ പോസ്റ്ററുകളും ബാനറുകളും പുറത്തിറക്കിയിരുന്നു. സാമൂഹിക ഇടപെടലുകളിലൂടെ വിജയ് സാധാരണജനങ്ങളുടെ സ്നേഹം പിടിച്ചുപറ്റുന്നുണ്ട്. സമൂഹത്തിലെ അനീതികൾക്കെതിരെയും ശക്തമായി പ്രതികരിക്കാറുണ്ട്. പല അവസരങ്ങളിലും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ രാഷ്ട്രീയം പ്രമേയമായിട്ടുമുണ്ട്.

വിജയ് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുമെന്നുള്ള അഭ്യൂഹം ശക്തമായിരിക്കേ, രാഷ്ട്രീയത്തിലെത്തുമെന്ന് മൂന്നുവർഷം മുമ്പു പ്രഖ്യാപിച്ച രജനീകാന്ത് ഇപ്പോഴും പിടികൊടുക്കാതെ നാടകം തുടരുകയാണ്. നവംബറിൽ അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നാണ് ഏറ്റവും ഒടുവിലുള്ള വിവരം. പക്ഷേ , നിലവിലെ സാഹചര്യത്തിൽ രജനി രാഷ്ട്രീയത്തിലിറങ്ങാൻ സാധ്യതയില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകർ പറയുന്നത്. ജയലളിതയും കരുണാനിധിയും മരിച്ചതോടെ തമിഴ്‌നാട്ടിൽ മികച്ച രാഷ്ട്രീയ നേതാക്കളുടെ അഭാവമുണ്ടാകുമെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിലായിരുന്നു രജനി രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയത്. എന്നാൽ ഡി.എം.കെ.യിൽ അധ്യക്ഷൻ എം.കെ. സ്റ്റാലിനും എ.ഐ.എ.ഡി.എം.കെയിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവും മികച്ച രീതിയിൽത്തന്നെയാണ് പാർട്ടിയെ നയിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയക്കളരിയിൽ രജനി ഇറങ്ങിക്കളിക്കുമോ എന്നുപോലും സംശയിക്കപ്പെടുന്ന സ്ഥിതിയാണെന്നും വിലയിരുത്തലുകളുണ്ട്.

നടൻ കമൽഹാസൻ രാഷ്ട്രീയത്തിലെത്തി മൂന്ന് വർഷമായിട്ടും വലിയ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം കമലും രജനിയും പൂർണസമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് പോകുമ്പോൾ സിനിമാ മേഖലയിലുണ്ടാകുന്ന മാറ്റങ്ങളുംകൂടി പരിഗണിച്ചായിരിക്കും വിജയ്‌യുടെ തീരുമാനങ്ങൾ എന്നാണറിയുന്നത്.