ചെന്നൈ: എം.ജി.ആറിന്റെ കാലത്തെ ഭരണം തിരിച്ചുകൊണ്ടുവരാന്‍ തനിക്ക് കഴിയുമെന്ന് രജനീകാന്ത്. പൂനമല്ലിയില്‍ വേലപ്പന്‍ ചാവടിയില്‍ ഡോ. എം.ജി.ആര്‍. സ്വയംഭരണ സര്‍വകലാശാലയില്‍ സ്ഥാപിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം.ജി. ആറിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപ്രവേശനത്തിനു ശേഷം ആദ്യമായി നടത്തിയ പ്രസംഗമായിരുന്നു ഇത്. എം.ജി. ആറിനും ജയലളിതയ്ക്കും കരുണാനിധിക്കുശേഷം ശക്തമായ നേതൃത്വത്തിന്റെ അഭാവം തമിഴകത്തുണ്ട്. അത് നികത്താന്‍ തനിക്കുകഴിയും. തിരഞ്ഞെടുപ്പില്‍ വിജയിച്ച് കാര്യക്ഷമമായ ഭരണം ഉറപ്പുവരുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആത്മീയകക്ഷി രൂപവത്കരിക്കുമെന്ന് രാഷ്ട്രീയ പ്രവേശനസമയത്ത് പ്രഖ്യാപിച്ചപ്പോള്‍ എല്ലാ രാഷ്ട്രീയകക്ഷികളും പലവിധത്തില്‍ വ്യാഖ്യാനിച്ചു. എല്ലാ ജനങ്ങളെയും ഒരു പോലെ കാണാന്‍ കഴിയുന്ന പാര്‍ട്ടി എന്നു മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. -രജനീകാന്ത് പറഞ്ഞു.

എല്ലാ വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടാണ് എം.ജി.ആര്‍.രാഷ്ട്രീയത്തില്‍ നിലകൊണ്ടത്. സിനിമയില്‍ നിന്ന് എല്ലാം പഠിച്ച് സാധാരണക്കാരോടൊപ്പം നിന്നാണ് അദ്ദേഹം ഭരിച്ചത്. തന്റെ രാഷ്ട്രീയ പ്രവേശനത്തെ ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ എതിര്‍ക്കുകയാണ്. സിനിമയില്‍നിന്ന് രാഷ്ട്രീയ രംഗത്തിലേക്ക് വരുന്നവര്‍ക്ക് ഭരിക്കാനറിയില്ലെന്നാണ് എ.ഐ.എ.ഡി.എം.കെ.യുടെ ഇപ്പോഴത്തെ വിമര്‍ശനം. എം.ജി.ആറും ജയലളിതയും സിനിമയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയവരാണ്. 13 വര്‍ഷം തുടര്‍ച്ചയായി ഭരണം മുന്നോട്ടുകൊണ്ടുപോയ ശക്തനായ ഭരണ കര്‍ത്താവായിരുന്നു എം.ജി.ആര്‍. നിശ്ചയദാര്‍ഢ്യത്തോടെ ഭരിച്ച നേതാവാണ് ജയലളിത. പാര്‍ട്ടിയെ കെട്ടുറപ്പോടെ മുന്നോട്ടുകൊണ്ടു പോകുന്നതില്‍ ജയലളിത പിന്നിലായിരുന്നില്ല.

13 വര്‍ഷം ഭരണത്തില്‍നിന്ന് വിട്ടുനിന്നപ്പോഴും പാര്‍ട്ടിയെ കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ടുപോകാന്‍ ഡി.എം.കെ.പ്രസിഡന്റ് എം. കരുണാനിധിക്ക് കഴിഞ്ഞുവെന്നതാണ് അദേഹത്തിന്റെ നേട്ടം. രാഷ്ട്രീയം പഠിച്ചത് അദ്ദേഹത്തില്‍ നിന്നാണ്. തന്റെ രാഷ്ട്രീയഗുരുവാണ് അദ്ദേഹമെന്നും രജനി പറഞ്ഞു.

എം.ജി. ആറിന്റെ ജന്മശതാബ്ദി ആഘോഷം എം. കരുണാനിധിയടക്കമുള്ളവരെ പങ്കെടുപ്പിച്ച് നന്നായി നടത്തുമെന്നാണ് കരുതിയത്. എന്നാല്‍, എം.ജി.ആറിന്റെ ജന്മശതാബ്ദി ആഘോഷം നന്നായി കൊണ്ടാടാന്‍ പോലും എ.ഐ.എ.ഡി.എം.കെ.നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും രജനി കുറ്റപ്പെടുത്തി. നടപ്പാതകളില്‍ ബാനറുകളും കട്ടൗട്ടുകളും വെക്കരുതെന്നും അത്തരം രാഷ്ട്രീയസംസ്‌കാരം പിന്തുടരരുതെന്നും അദ്ദേഹം പറഞ്ഞു. കട്ടൗട്ടുകള്‍ സ്ഥാപിച്ചതിന് രജനീകാന്ത് പൊതുജനങ്ങളോട് ക്ഷമ ചോദിക്കുകയും ചെയ്തു.