ചെന്നൈ: രജനീകാന്തിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് ബി.ജെ.പി. തമിഴ്‌നാട് ഘടകം. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ പൊൻ രാധാകൃഷ്ണനാണ് രജനീകാന്തിനെ പാർട്ടിയിൽ ചേരാൻ ക്ഷണിച്ചത്. രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശത്തെ സ്വാഗതംചെയ്യുന്നുവെന്നും എന്നാൽ, അദ്ദേഹം പുതിയ പാർട്ടി രൂപവത്കരിക്കുന്നതിനുപകരം ബി.ജെ.പി.യിൽ ചേരണമെന്നും പൊൻ രാധാകൃഷ്ണൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധം പുലർത്തുന്ന രജനീകാന്ത് ബി.ജെ.പി.യിൽ ചേരുമെന്ന അഭ്യൂഹം മുമ്പുമുണ്ടായിരുന്നെങ്കിലും ഇതിനെ തള്ളി, സ്വന്തം പാർട്ടി രൂപവത്കരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.

പ്രഖ്യാപനം നടത്തി രണ്ടുവർഷത്തോളമായിട്ടും ഇതുവരെ പാർട്ടിരൂപവത്കരണം പൂർത്തിയാക്കിയിട്ടില്ല. ഇതോടെ രജനിയെ സ്വന്തം പാളത്തിലെത്തിക്കാൻ ബി.ജെ.പി. വീണ്ടും ശ്രമം ആരംഭിച്ചിരുന്നു. തമിഴിസൈ സൗന്ദർരാജൻ തെലങ്കാന ഗവർണറായതോടെ ഒഴിവുവന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് രജനിയെത്തുമെന്ന് അഭ്യൂഹവും പടർന്നു.

എന്നാൽ, രജനിയുമായി അടുപ്പമുള്ള വൃത്തങ്ങൾ ഇത് തള്ളി. ഇതിനിടെയാണ് രജനി പാർട്ടിയിൽ ചേരണമെന്ന അഭ്യർഥനയുമായി മുതിർന്ന നേതാവ് പൊൻ രാധാകൃഷ്ണൻ രംഗത്തുവന്നത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷസ്ഥാനം ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.

Content Highlights: Rajani Kanth BJP Chennai