ചെന്നൈ: തമിഴ്‌നാട്ടിൽ നീലഗിരി, രാമനാഥപുരം, ശിവഗംഗ, വിരുദനഗർ എന്നീ ജില്ലകളിൽ കനത്തമഴ തുടരുകയാണ്. നീലഗിരിയിൽ 13 സെന്റീമീറ്ററും രാമനാഥപുരത്ത് ഒൻപത് സെന്റീമീറ്ററും മഴ പെയ്തു. വിനോദ സഞ്ചാര കേന്ദ്രമായ കൊടൈക്കനാലിൽ പത്തിടങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മണ്ണ് നീക്കാൻ സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങൾ എത്തിയിട്ടുണ്ട്. മണ്ണ് നീക്കാൻ കൂടുതൽ സമയമെടുക്കും. മരങ്ങളും പാറക്കല്ലുകളും നീക്കം ചെയ്ത് താത്കാലിക റോഡ് ഒരുക്കാനുള്ള ശ്രമത്തിലാണ്. ഗതാഗതം തടസ്സപ്പെട്ടതിനാൽ വിനോദ സഞ്ചാരികൾക്ക് യാത്ര ഉപേക്ഷിക്കേണ്ടി വന്നു. തേനി ജില്ലയിലെ പ്രധാന പാതയിൽ മരങ്ങൾ കടപുഴകിവീണ് എട്ടിടത്ത് ഗതാഗതം തടസ്സപ്പെട്ടു.

ശ്രീലങ്കയ്ക്കും തെക്കൻ തമിഴ്‌നാടിനും സമീപത്ത് ന്യൂനമർദം രൂപപ്പെട്ടതിനാൽ തൂത്തുക്കുടി, രാമനാഥപുരം,തിരുനെൽവേലി, കന്യാകുമാരി, വിരുദനഗർ എന്നീ ജില്ലകളിൽ ബുധനാഴ്ച കനത്തമഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈയിൽ ചില പ്രദേശങ്ങളിൽ മിതമായ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെത്തുടർന്നുള്ള കെടുതികൾ ഇപ്പോഴും തുടരുന്നുണ്ട്. തടാകങ്ങൾ കരകവിഞ്ഞൊഴുകുന്നതിനാൽ കൃഷി നാശം വ്യാപകമാണ്. കാഞ്ചീപുരത്തെ തെന്നേരി തടാകം കവിഞ്ഞ് ഒഴുകിയതിനാൽ വീടുകളിൽ വെള്ളം കയറുകയും സമീപ പ്രദേശങ്ങളിലെ റോഡുകളിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. തിരുവണ്ണാമലയിലെ സെന്നാവരം തടാകം കരകവിഞ്ഞ് ഒഴുകിയതിനാൽ 100 ഏക്കർ നെൽക്കൃഷി വെള്ളത്തിലായി. പുതുക്കോട്ട, തഞ്ചാവൂർ,പെരമ്പല്ലൂർ,ശിവഗംഗ,രാമനാഥപുരം എന്നിവിടങ്ങളിലും മഴ തുടരുന്നതിനാൽ വ്യാപകമായി കൃഷി നാശമുണ്ടായിട്ടുണ്ട്.

കടലൂരിലും ഇടവിട്ട് മഴ തുടരുന്നതിനാൽ സാധാരണ ജീവിതം തടസ്സപ്പെട്ടു. കടലൂർ ജില്ലയിൽ മൂന്ന് ദിവസം മുമ്പ് തന്നെ 8,000 വീടുകളിൽ വെള്ളം കയറിയിരുന്നു. ഈ പ്രദേശങ്ങളിലെ ജനങ്ങൾ ദുരിതത്തിലാണ്.

Content highlights: Rain Tamil Nadu