ചെന്നൈ: തമിഴ്‌നാട്ടിൽ മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 24 ആയി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ കാവേരി നദിതീര ജില്ലകളിൽ എട്ടുപേരും മേട്ടുപ്പാളയത്ത് നാല് വീടുകൾക്കുമുകളിൽ മതിലിടിഞ്ഞ് 17 പേരുമാണ് മരിച്ചത്. മരിച്ചവരുടെ ബന്ധുക്കൾക്ക് സഹായധനമായി നാലുലക്ഷം രൂപ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. കടലോര ജില്ലകളിലെയും കാവേരി നദീതീര ജില്ലകളിലെയും വീടുകളിലും വെള്ളം കയറി. അടിയന്തരസാഹചര്യം നേരിടാൻ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി മന്ത്രിമാരുമായും തമിഴ്‌നാട് ദുരന്തനിവാരണ സേനാംഗങ്ങളുമായും ചർച്ച നടത്തി. ആവശ്യമായ നടപടി സ്വീകരിക്കാൻ എല്ലാ കളക്ടർമാർക്കും മുഖ്യമന്ത്രി നിർദേശം നൽകി. അറബിക്കടലിൽ ന്യൂനമർദം രൂപംകൊണ്ടതിനാൽ തെക്കൻ തമിഴ്‌നാട്ടിലും കാവേരി നദിതീര ജില്ലകളിലും പശ്ചിമഘട്ട തീര ജില്ലകളിലും മഴപെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കൻ തമിഴ്‌നാട്ടിൽ മഴ കുറയും. തമിഴ്‌നാട്ടിൽ വടക്കുകിഴക്കൻ കാലവർഷത്തിൽ ശരാശരി മഴ ലഭിച്ചെങ്കിലും ചെന്നൈയിൽ ശരാശരിയെക്കാൾ 13 ശതമാനം മഴ കുറവാണ് ലഭിച്ചത്.
Content highlights: Rain Tamil Nadu