ദെഹ്റാദൂൺ/നൈനിത്താൾ: മൂന്നുദിവസമായി ആർത്തലച്ചുപെയ്ത മഴയിലും ശക്തമായ മണ്ണിടിച്ചിലിലുമായി ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 34 ആയി. വിനോദസഞ്ചാരകേന്ദ്രമായ നൈനിത്താൾ ഏറക്കുറെ ഒറ്റപ്പെട്ടനിലയിലാണ്. വീടുകളും കെട്ടിടങ്ങളും പാലങ്ങളും റോഡുകളും തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. ഉത്തർപ്രദേശിലും കനത്ത മഴയുണ്ട്. നാലുപേർ മരിച്ചു.

ഉത്തരാഖണ്ഡിൽ പലയിടത്തും മേഘസ്ഫോടനത്തെത്തുടർന്ന് തോരാമഴയായിരുന്നു. കോസി നദി കരകവിഞ്ഞ് രാംനഗർ-റാണിഖേത് പാതയിലെ ലെമൺ ട്രീ റിസോർട്ട് വെള്ളം കയറി ഒറ്റപ്പെട്ടു. 200-ഓളം പേരാണ് ഇവിടെ കുടുങ്ങിയത്. എല്ലാവരും സുരക്ഷിതരാണെന്ന് ഡി.ജി.പി. അശോക് കുമാർ പറഞ്ഞു. കുമയൂൺ അടക്കം സംസ്ഥാനത്തെ പല മേഖലകളിലും തീവ്രമഴ നാശനഷ്ടമുണ്ടാക്കി. വീടുകൾ തകർന്നുവീണാണ് കൂടുതൽപ്പേരും മരിച്ചത്. 24 മണിക്കൂറിനിടെ 200 മില്ലീമീറ്റർ മഴയാണ് ഉത്തരാഖണ്ഡിൽ രേഖപ്പെടുത്തിയത്.

രക്ഷാപ്രവർത്തനത്തിന് മൂന്ന് സൈനിക ഹെലിക്കോപ്റ്ററുകളെത്തി. ഒരെണ്ണം ഗാഢ്‌വാലിലും രണ്ടെണ്ണം നൈനിത്താളിലുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

ഭികിയാസെയ്നിലെ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും കെട്ടിടാവശിഷ്ടങ്ങളിൽ അകപ്പെട്ടു. വെള്ളപ്പൊക്കത്തെത്തുടർന്ന് കാർഷികമേഖലകളും വെള്ളത്തിനടിയിലായി. ജലനിരപ്പുയർന്നതോടെ ഉദ്ധംസിങ് നഗറിലെ നാനക് സാഗർ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു.

നാശനഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് നൽകാൻ ജില്ലാ മജിസ്ട്രേറ്റുമാർക്ക് മുഖ്യമന്ത്രി പുഷ്കർ സിങ് ധമി നിർദേശം നൽകി. കാലാവസ്ഥ മെച്ചപ്പെടാതെ ചാർധാം യാത്ര പുനരാരംഭിക്കരുതെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ബദരീനാഥിലേക്കുള്ള യാത്ര താത്‌കാലികമായി നിർത്തി. ചൊവ്വാഴ്ചമുതൽ മഴ നേരിയതോതിൽ കുറയുമെന്നാണ് പ്രവചനം.

ദ്വീപിൽ അകപ്പെട്ട ആനയെ രക്ഷിച്ചു

ഹൽദ്വാനി: ഉത്തരാഖണ്ഡിൽ ഗൗലാ നദി കരകവിഞ്ഞ് വെള്ളം ചുറ്റുപാടും ഒഴുകിയതോടെ ഉയർന്നുനിന്ന ചെറിയ കരഭാഗത്ത് കുടുങ്ങിപ്പോയ ആനയെ വനംവകുപ്പ് രക്ഷിച്ചു. ഹൽദൂചൗഡിനും ലാൽകുവാമിനും ഇടയിലുള്ള ഭാഗത്ത് ആന കുടുങ്ങിയതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. വിവരം ലഭിച്ചയുടനെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നെന്ന് ഡി.എഫ്.ഒ. സന്ദീപ് കുമാർ പറഞ്ഞു. രക്ഷപ്പെടുത്തിയ ആനയെ കാട്ടിലേക്കയച്ചു. അതിന്റെ നീക്കം നിരീക്ഷിച്ചുവരികയാണ്.

content highlights: rain havoc in uttarakhand