മുംബൈ: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുകയും വിവിധ സംസ്ഥാനങ്ങളിൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തതിനാൽ റെയിൽവേ പ്രത്യേക വണ്ടികൾ ഉടൻ പുനരാരംഭിക്കും. കഴിഞ്ഞ മാസങ്ങളിൽ ഓട്ടംനിർത്തിയ വണ്ടികളാണിവ. അടുത്ത ദിവസങ്ങളിൽത്തന്നെ കൂടുതൽ വണ്ടികൾ ഓടിക്കണമെന്ന് റെയിൽവേ ബോർഡ് നിർദേശിച്ചിട്ടുണ്ട്. നേരത്തേ നിർത്തിവെച്ച അമ്പതോളം തീവണ്ടികൾ അഞ്ചുമുതൽത്തന്നെ ഓടിത്തുടങ്ങുമെന്ന് മധ്യറെയിൽവേയിലെ ഉന്നതോദ്യോഗസ്ഥൻ അറിയിച്ചു. ഇതിൽ ഇരുപത്തഞ്ചോളം ഈസ്റ്റ് സെൻട്രൽ റെയിൽവേ സോണിനു കീഴിലുള്ള പാസഞ്ചർ ട്രെയിനുകളാണ്. ബാക്കി മറ്റു സോണുകളിലെയും. അടുത്ത ദിവസങ്ങളിൽത്തന്നെ മറ്റു റെയിൽവേ സോണുകളും താത്‌കാലികമായി നിർത്തിയ ദീർഘദൂര വണ്ടികൾ ഓടിച്ചു തുടങ്ങും.

തമിഴ്‌നാട്-കേരള മേഖലയിൽ കഴിഞ്ഞ ആഴ്ചയിൽ തന്നെ 33 സർവീസുകളാണ് വീണ്ടും ഓടിത്തുടങ്ങിയത്. മുംബൈയെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന തീവണ്ടികളുടെ സർവീസുകളായിരിക്കും മധ്യറെയിൽവേ ഉടൻ തുടങ്ങുക. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതും കോവിഡ്‌വ്യാപനം കുറഞ്ഞതും അതിഥി തൊഴിലാളികളുടെ തിരിച്ചുവരവ് വർധിപ്പിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിൽനിന്നും 500 പ്രത്യേക സർവീസുകൾ ഒാടിക്കാനാണ് മധ്യറെയിൽവേയുടെ പദ്ധതി. എന്നാൽ, തിരക്കുകുറഞ്ഞ ദക്ഷിണേന്ത്യൻ സർവീസുകൾ ഉടൻ പുനരാരംഭിക്കാൻ സാധ്യതയില്ലെന്ന് മധ്യറെയിൽവേ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. തീവണ്ടികളിൽ യാത്രചെയ്യാൻ ആർ.ടി.-പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതും വിവിധ സംസ്ഥാനങ്ങളിൽ ഈ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന മുന്നോട്ടുവെച്ചതുമാണ് യാത്രക്കാർ കുറയാൻ കാരണമായത്. ഇതോടെ തീവണ്ടികൾ റദ്ദാക്കുകയായിരുന്നു. സംസ്ഥാനങ്ങളിലെ ക്വാറന്റീൻ നിയമങ്ങളും കോവിഡ് വ്യാപനം കൂടിയതും ജനങ്ങളെ യാത്രകളിൽനിന്ന് പിൻതിരിപ്പിക്കുകയായിരുന്നു. എന്നാൽ, പല സംസ്ഥാനങ്ങളും എസ്.എസ്.സി., എച്ച്‌.എസ്.സി. പരീക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിൽ കൂടുതൽ പേർ നാട്ടിലേക്ക് പോകാൻ ആഗ്രഹിച്ചു തുടങ്ങിയിട്ടുണ്ട്. ഇതും റെയിൽവേ നടപടിക്ക്‌ കാരണമായി.