ചെന്നൈ: ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പരിധി ഉയർത്താൻ റെയിൽവേ ബോർഡിന് ദക്ഷിണ റെയിൽവേയുടെ ശുപാർശ. ഒരു യാത്രക്കാരന് മാസത്തിൽ തീവണ്ടിയിൽ ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം 55- ആയി ഉയർത്തണമെന്നാണ് ആവശ്യം. ഇതിനായി റെയിൽവേ ബോർഡിന് കത്തയച്ചിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ കൊമേഴ്‌സ്യൽ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ‘മാതൃഭൂമി’യോട് പറഞ്ഞു.
കോവിഡ് വ്യാപനത്തെത്തുടർന്ന്
ദീർഘദൂര തീവണ്ടികളിലെ ജനറൽ കോച്ചുകളിൽ യാത്രചെയ്യാനും ഇപ്പോൾ ടിക്കറ്റ് റിസർവ് ചെയ്യണം. നിലവിൽ യാത്രക്കാരന് ആധാർ ലിങ്ക് ചെയ്ത ഐ.ഡി.വഴി 12 ടിക്കറ്റുകൾ മാത്രമാണ് ഓൺലൈൻ വഴി ഒരുമാസം ബുക്ക് ചെയ്യാനാകുന്നത്. സാധാരണ സർവീസ് പുനരാരംഭിക്കാത്തതിനാൽ സീസൺ ടിക്കറ്റ് നൽകിത്തുടങ്ങിയിട്ടില്ല. കൂടുതൽ യാത്രചെയ്യണമെങ്കിൽ കൗണ്ടറുകൾ വഴി ബുക്ക് ചെയ്യണം.
മുഴുവൻ സ്റ്റേഷനുകളിലും ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുമില്ല. പ്രധാന സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകളാണ് പ്രവർത്തിക്കുന്നത്. അതിനാൽ സ്ഥിരം യാത്രക്കാർക്ക് ട്രാവൽ എജൻസികളെ ആശ്രയിക്കേണ്ടിവരുന്നു. ഇത്തരം പരാതികൾക്ക് പരിഹാരം കാണുന്നതിനാണ് ഒരു ഐ.ഡി.വഴി മാസത്തിൽ ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം 55 ആയി വർധിപ്പിക്കണമെന്ന് ശുപാർശ ചെയ്തത്.
ദക്ഷിണ റെയിൽവേയുടെ ശുപാർശയിൽ ആഭ്യന്തര മന്ത്രാലയവുമായി ചർച്ചചെയ്തശേഷം റെയിൽവേ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. കോവിഡിനുമുമ്പ് ദക്ഷിണ റെയിൽവേ സർവീസ് നടത്തിയിരുന്ന തീവണ്ടികളിൽ 70 ശതമാനത്തോളം പ്രത്യേക സർവീസുകളായാണ് നടത്തുന്നത്. എക്സ്പ്രസ് തീവണ്ടികളിൽ ലക്ഷത്തോളം പേരാണ് യാത്ര ചെയ്യുന്നത്. കോവിഡിനുമുമ്പ് ഇതു മൂന്നുലക്ഷമായിരുന്നു. ചെന്നൈയിൽ അഞ്ചുലക്ഷത്തോളം പേർ സബർബൻ തീവണ്ടികളിൽ യാത്രചെയ്യുന്നുണ്ട്.
Content Highlights: railway online ticket booking